രാജാവും ദീർഘദർശിയുമായ

ദാവീദിന്റെ   

സങ്കീർത്തനങ്ങൾ


അദ്ധ്യായം 1


 1. 1.അനീതിയുള്ളവരുടെ വഴിയിൽ നടക്കാതെയും, പാപികളുടെ ആലോചനയിൽ നിൽക്കാ തെയും, പരിഹാസികളുടെ പീഠത്തിൽ ഇരിക്കാതെയും,

 2. 2.കർത്താവിന്റെ പ്രമാണത്തിൽ പ്രസാദം തോന്നി, രാവും പകലും തന്റെ വേദപ്രമാണത്തെ ധ്യാനിക്കുന്ന മനുഷ്യനു ഭാഗ്യം.

 3. 3.അവൻ ആറ്റരികെ നടപ്പെട്ടിരിക്കുന്നതും, തക്ക കാലത്തു ഫലം തരുന്നതും, ഇലപൊഴിഞ്ഞു പോകാത്തതുമായ വൃക്ഷം പോലെയായിരിക്കും. അവൻ ചെയ്യുന്നതെല്ലാം പൂർത്തിയാക്കും.

 4. 4.ദുഷ്ടന്മാർ അങ്ങനെയല്ല; കാറ്റ്  പറത്തുന്ന പൊടിപോലെയത്രെ.

 5. 5.ആകയാൽ ദുഷ്ടന്മാർ ന്യായവിധിയിലും, പാപികൾ നീതിമാന്മാരുടെ സമൂഹത്തിലും നിൽക്കു കയില്ല.

 6. 6.എന്തെന്നാൽ നീതിമാന്മാരുടെ വഴി കർത്താവറിയുന്നു; ദുഷ്ടന്മാരുടെ വഴി നശിച്ചു പോകും.


അദ്ധ്യായം 2


 1. 1.പുറജാതികൾ കലഹിച്ചതും , സ്വജനം വ്യർത്ഥകാര്യം ചിന്തിച്ചതും എന്തിന്?

 2. 2.ഭൂമിയിലെ രാജാക്കന്മാരും അധികാരികളും എഴുന്നേറ്റു കർത്താവിനു വിരോധമായും തന്റെ അഭിഷിക്തനു വിരോധമായും ഒരുമിച്ചു ആലോചിച്ചതു;

 3. 3.നാം അവരുടെ പാശത്തെ  പൊട്ടിച്ച് അവരുടെ നുകം നമ്മിൽനിന്നും എറിഞ്ഞുകളയാം.

 4. 4.സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ ചിരിക്കും, കർത്താവ് അവരെ പരിഹസിക്കും.

 5. 5.അപ്പോൾ താൻ തന്റെ ക്രോധത്തോടെ അവരെക്കുറിച്ചു സംസാരിച്ചു, തന്റെ ക്രോധത്താൽ അവരെ പരിഭ്രമിപ്പിക്കും.

 6. 6.എന്റെ ഉടമ്പടിയെ വിവരമായി അറിയിപ്പാൻ എന്റെ വിശുദ്ധപർവതമായ സെഹിയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചു. കർത്താവ് എന്നോട് നീ എന്റെ പുത്രനെന്നും, ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചു എന്നും അരുളിച്ചെയ്തു.

 7. 7.നീ എന്നോടു ചോദിക്കുക; നിനക്കവകാശമായി പുറജാതികളേയും നിനക്കധീനമായി ഭൂമിയുടെ അതിർത്തികളേയും ഞാൻ തരും

 8. 8.നീ അവരെ ഇരിന്പുവടിയാൽ മേയിക്കും.  കുശവന്റെ പാത്രംപോലെ നീ അവരെ ഉടച്ചുകളയും എന്നു് അരുളിച്ചെയ്തു.

 9. 9.രാജാക്കന്മാരേ! നിങ്ങൾ ഇപ്പോൾ ഗ്രഹിപ്പിൻ. ഭൂമിയിലെ ന്യായാധിപന്മാരേ! നിങ്ങൾ ഉപദേശം കൈക്കൊള്ളുവിൻ.

 10. 10.ഭക്തിപൂർവം കർത്താവിനെ സേവിച്ച്, വിറയലോടെ തന്നിൽ അഭയം പ്രാപിപ്പിൻ.

 11. 11.പുത്രൻ കോപിക്കാതെയും, തന്റെ മാർഗ്ഗത്തിൽനിന്ന് നിങ്ങൾ നശിച്ചുപോകാതെയും ഇരിപ്പാൻ അവനെ നിങ്ങൾ ചുംബിപ്പിൻ.

 12. 12.എന്തെന്നാൽ അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുന്നു; അവനിൽ പ്രത്യാശിക്കുന്ന എല്ലാവർക്കും ഭാഗ്യം.

 13. 13.

അദ്ധ്യായം 3


 1. 1.കർത്താവേ! എന്നെ ഉപദ്രവിക്കുന്നവർ അത്യധികം വർദ്ധിച്ചു; എനിക്ക് വിരോധമായി നിൽക്കുന്നവർ അനേകരാകുന്നു.

 2. 2.നിന്റെ ദൈവത്തിൽ നിനക്ക് രക്ഷയില്ലായെന്ന് എന്റെ ആത്മാവിനോട് പറയുന്നവർ പലരുണ്ട്.

 3. 3.കർത്താവേ! നീയെന്റെ സഹായകനും, എന്റെ ബഹുമാനവും, എന്റെ ശിരസ്സുയർത്തുന്നവനുമാകുന്നു.

 4. 4.ഞാൻ എന്റെ ശബ്ദത്തിൽ കർത്താവിനെ വിളിച്ചു; തന്റെ പരിശുദ്ധപർവതത്തിൽ നിന്ന് അവനെന്നോട് ഉത്തരമരുളി.

 5. 5.ഞാൻ കിടന്നുറങ്ങി ; കർത്താവെന്നെ താങ്ങിയതുകൊണ്ട്  ഞാനുണർന്നു.

 6. 6.എന്നെ വളഞ്ഞ് എനിക്ക് വിരോധമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

 7. 7.എന്റെ ദൈവമായ കർത്താവേ! എഴുന്നേറ്റു എന്നെ രക്ഷിക്കേണമേ; എന്തെന്നാൽ നീ എന്റെ സകല ശത്രുക്കളുടേയും ചെകിട്ടത്തടിച്ചു ദുഷ്ടന്മാരുടെ പല്ലുകൾ തകർത്തു.

 8. 8.രക്ഷ കർത്താവിനുള്ളതാകുന്നു; നിന്റെ അനുഗ്രഹം എന്നേക്കും നിന്റെ ജനത്തിന്മേലുണ്ട്.


അദ്ധ്യായം 4


 1. 1.എന്റെ ദൈവവും എന്റെ നീതിയുടെ രക്ഷകനുമേ! ഞാൻ നിന്നെ വിളിച്ചപ്പോൾ നീയെന്നോട് ഉത്തരമരുളി. എന്റെ ഞെരുക്കങ്ങളിൽ എന്നെ ആശ്വസിപ്പിച്ചു. എന്നോട് കരുണചെയ്ത് എന്റെ പ്രാർത്ഥന കേൾക്കേണമേ.

 2. 2.മനുഷ്യപുത്രന്മാരേ! നിങ്ങൾ എത്രത്തോളം എന്റെ ബഹുമാനത്തെ മറയ്ക്കയും വ്യർത്ഥതയെ  സ്നേഹിക്കുകയും വ്യാജത്തെ അന്വേഷിക്കുകയും ചെയ്യുന്നു. എന്നേക്കുമോ?

 3. 3.കർത്താവ് അത്ഭുതത്താൽ തെരഞ്ഞെടുക്കപ്പെട്ടവനെ തനിക്കായി വേർതിരിച്ചുവെന്ന് അറിഞ്ഞുകൊള്ളുവിൻ; ഞാൻ കർത്താവിനെ  വിളിക്കുന്പോൾ താൻ കേൾക്കും.

 4. 4.നിങ്ങൾ കോപിപ്പിൻ, എന്നാൽ പാപം ചെയ്യരുത്.; നിങ്ങളുടെ ഹൃദയങ്ങളിൽ പറയുകയും നിങ്ങളുടെ കിടക്കകളിന്മേൽ ധ്യാനിക്കുകയും ചെയ്യുവിൻ.

 5. 5.നിങ്ങൾ നീതിയുടെ ബലികൾ കഴിച്ചു കർത്താവിൽ ആശ്രയിപ്പിൻ.

 6. 6.നല്ലവനെ നമുക്ക് ആരുകാണിച്ചുതരുമെന്നും അവന്റെ മുഖപ്രകാശം നമ്മുടെമേൽ വിരിക്കട്ടെയെന്നും പറയുന്നവർ പലരുണ്ട്.

 7. 7.കർത്താവേ! അവരുടെ ഗോതന്പും വീഞ്ഞും എണ്ണയും ഒരുമിച്ചു സമാധാനത്തോടെ വർദ്ധിച്ച കാലത്തുണ്ടായതിനേക്കാൾ എന്റെ ഹൃദയത്തിൽ നിന്റെ സന്തോഷം നീ തന്നു.

 8. 8.ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; എന്തെന്നാൽ കർത്താവേ! നീ എന്നെ നിർഭയം വസിക്കുമാറാക്കും.

 9. 9.

അദ്ധ്യായം 5


 1. 1.കർത്താവേ! എന്റെ വചനങ്ങളെ ശ്രദ്ധിച്ച് എന്റെ ധ്യാനത്തെ അറിയണമേ!

 2. 2.എന്റെ രാജാവും എന്റെ ദൈവവുമേ! എന്റെ നിലവിളിയുടെ ശബ്ദം കേൾക്കണമെ.

 3. 3.കർത്താവേ! ഞാൻ പ്രാർത്ഥിക്കുന്നത് നിന്നോടാണല്ലോ. പ്രഭാതസമയത്ത് എന്റെ ശബ്ദം കേൾക്കണമേ! പ്രഭാതസമയത്തു ഞാൻ ഒരുങ്ങി നിനക്ക് കാണപ്പെടും.

 4. 4.നീ ദുഷ്ടതയിൽ ഇഷ്ടമില്ലാത്ത ദൈവമാകകൊണ്ട്, ദുഷ്ടൻ നിന്നോടുകൂടെ വസിക്കുകയില്ല.

 5. 5.പ്രശംസക്കാർ നിന്റെ കണ്ണിനുമുന്പാകെ നിൽക്കയില്ല; വ്യാജം ചെയ്യുന്ന എല്ലാവരേയും നീ ദ്വേഷിച്ചു.

 6. 6.വ്യാജം സംസാരിക്കുന്നവരെ നീ നശിപ്പിക്കും. രക്തം ചിന്തുന്നവനേയും വഞ്ചകനേയും കർത്താവു നിരസിക്കും.

 7. 7.നിന്റെ കൃപയുടെ ബഹുത്വത്താൽ ഞാൻ നിന്റെ ഭവനത്തിലേക്ക് പ്രവേശിച്ച് നിന്റെ വിശുദ്ധ ആലയത്തിൽ ആരാധിക്കും.

 8. 8.കർത്താവേ! നിന്നെയുള്ള ഭയഭക്തിയിലും നിന്റെ പുണ്യത്തിലും എന്നെ നടത്തേണമേ!  എന്റെ ശത്രുക്കൾ നിമിത്തം എന്റെ മുന്പിൽ നിന്റെ വഴി ചൊവ്വാക്കണമേ!

 9. 9.എന്തെന്നാൽ അവരുടെ വായിൽ നീതിയില്ല; എന്നാലോ അവരുടെ ഉള്ളിൽ വഞ്ചനയുണ്ട്. അവരുടെ തൊണ്ട തുറന്ന ശവക്കുഴികൾ പോലെയാകുന്നു.അവരുടെ നാവുകൾകൊണ്ടു മുഖസ്തുതി പറയുകയും ചെയ്യുന്നു.

 10. 10.ദൈവമേ! അവരെ കുറ്റപ്പെടുത്തണമേ! അവർ അവരുടെ ആലോചനകളാൽ തന്നെ വീഴട്ടെ; അവരുടെ അനീതിയുടെ ബഹുത്വത്താൽ അവരെ തള്ളിക്കളയേണമേ. അവർ നിന്നോട് മത്സരിച്ചു.

 11. 11.നിന്നിൽ ആശ്രയിച്ചിരിക്കുന്നവരോടെല്ലാം നിന്നെക്കുറിച്ച് സന്തോഷിച്ച് എന്നേക്കും നിന്നെ സ്തുതിക്കും; നീ അവരിൽ വസിക്കും; നിന്റെ തിരുനാമത്തെ സ്നേഹിക്കുന്നവരെല്ലാം നിന്നാൽ ബലം പ്രാപിക്കും.

 12. 12.എന്നാൽ നീ നീതിമാന്മാരെ അനുഗ്രഹിക്കും, കർത്താവേ! തക്കതായ ഒരു പരിച കൊണ്ടെന്നപോലെ നീ എന്നെ മറച്ചുകൊള്ളണമേ!


അദ്ധ്യായം 6


 1. 1.കർത്താവേ! നിന്റെ കോപത്തിൽ എന്നെ ശാസിക്കരുതേ! നിന്റെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയുമരുതേ!

 2. 2.കർത്താവേ! ഞാൻ ബാലഹീനനാകയാൽ എന്നോട് കരുണചെയ്യേണമേ! എന്റെ അസ്ഥികൾ ഇളകിയിരിക്കകൊണ്ട് എന്നെ സൌഖ്യമാക്കണമേ!

 3. 3.എന്റെ ആത്മാവ് എത്രയും ചഞ്ചലപ്പെട്ടു; കർത്താവേ! നീ എത്രത്തോളം? (താമസിക്കും?)

 4. 4.കർത്താവേ! നീ തിരിഞ്ഞു എന്റെ ആത്മാവിനെ വിടുവിക്കണമേ. നിന്റെ കൃപയാൽ എന്നെ രക്ഷിക്കണമെ.

 5. 5.എന്തെന്നാൽ മൃതാവസ്ഥയിൽ നിന്നെക്കുറിച്ച് ഓർമ്മയില്ല. പാതാളത്തിൽ നിന്നെ സ്തോത്രം ചെയ്യുന്നവനാരാകുന്നു.

 6. 6.എന്റെ നെടുവീർപ്പുകളാൽ  ഞാൻ ക്ഷീണിച്ചു, രാത്രിതോറും ഞാൻ എന്റെ കിടക്കയെ (കണ്ണുനീരിനാൽ) നനച്ചു; എന്റെ കണ്ണുനീരിനാൽ എന്റെ കിടക്കയെ ഞാൻ ഈറനാക്കി.

 7. 7.ദുഃഖം നിമിത്തം എന്റെ കണ്ണിന് വേദനയുണ്ടായി; എന്റെ സകല ശത്രുക്കളും നിമിത്തം അത് കലങ്ങുകയും ചെയ്തു.

 8. 8.ദുഷ്കർമ്മികളായ സകലരുമേ എന്നെ വിട്ടു മാറുവിൻ; എന്തെന്നാൽ കർത്താവ് എന്റെ രോദനശബ്ദം കേട്ടു.

 9. 9.കർത്താവ് എന്റെ അപേക്ഷ കേട്ടു ; കർത്താവ് എന്റെ പ്രാർത്ഥന കൈക്കൊണ്ടു.

 10. 10.എന്റെ ശത്രുക്കളെല്ലാവരും എത്രയും ലജ്ജിക്കുകയും ഭ്രമിക്കുകയും ചെയ്യും; അവർ പിന്തിരിഞ്ഞ് പെട്ടന്ന് നശിച്ചു പോകും.

അദ്ധ്യായം 7

 1. 1.എന്റെ ദൈവമായ കർത്താവേ! ഞാൻ നിന്നില പ്രത്യാശവച്ചു. എന്നെ രക്ഷിക്കേണമേ!  എന്നെ പീഡിപ്പിക്കുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിക്കേണമേ!  

 2. 2.രക്ഷകനും വീണ്ടെടുപ്പുകാരനും ഇല്ലെന്നുവന്നിട്ട് എന്റെ പ്രാണനെ സിംഹം പോലെ തകർത്തു കളയാതിരിക്കട്ടെ.

 3. 3.എന്റെ ദൈവമായ കർത്താവേ! ഞാനിത് ചെയ്തിട്ടുണ്ടെങ്കിൽ,  എന്റെ കൈകളിൽ അന്യായമുണ്ടെങ്കിൽ

 4. 4.എന്നോടകൃത്യം ചെയ്തവനോട് ഞാൻ പ്രതികാരം ചെയ്തിട്ടുണ്ടെങ്കിൽ, കാരണം കൂടാതെ എന്റെ വൈരികളെ ഞാൻ ഞെരുക്കിയിട്ടുണ്ടെങ്കിൽ;

 5. 5.ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിച്ച്  എന്റെ ജീവനെ ഭൂമിയിലിട്ടു ചവിട്ടി, എന്റെ മഹത്വത്തെ പൂഴിയിൽ ആക്കട്ടെ.

 6. 6.കർത്താവേ! നിന്റെ കോപത്തോടെ എഴുന്നേറ്റു. എന്റെ ശത്രുക്കളുടെ കണ്റത്തിന്മേൽ നീ പ്രബലപ്പെടണമേ! നീ കൽപ്പിച്ചിട്ടുള്ള തീർപ്പനുസരിച്ച് എനിക്കായി ഉണർന്നിരിക്കേണമേ!

 7. 7.സ്വജാതികളുടെ സഭ നിന്റെ ചുറ്റും നിൽക്കട്ടെ;  അതിനുവേണ്ടി നീ ഉയരത്തിലേക്കു  തിരിച്ചെഴുന്നള്ളേണമേ!

 8. 8.കർത്താവ് പുറജാതികളെ വിധിക്കും; കർത്താവേ! എന്റെ നീതിക്കും എന്റെ പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ.

 9. 9.ദുഷ്ടന്മാരുടെമേൽ ദോഷം പൂർത്തിയാകട്ടെ. നീ നീതിമാന്മാരെ സ്ഥിരപ്പെടുത്തേണമെ; നീതിമാനായ ദൈവം ഹൃദയത്തെയും അന്തരിന്ത്രിയങ്ങളെയും പരിശോധിക്കുന്നു.

 10. 10.ഹൃദയനേരുള്ളവരെ  രക്ഷിക്കുന്നവനായ ദൈവം എന്നെ സഹായിക്കുന്നവനാകുന്നു.

 11. 11.ദൈവം സത്യവാനായ ന്യായാധിപനാകുന്നു. താൻ നിത്യവും കോപിക്കുന്നില്ല.

 12. 12.മാനസാന്തരപ്പെടുന്നില്ലെങ്കിൽ തന്റെവാൾ മൂർച്ചകൂട്ടി വില്ലുകുലയ്ക്കുന്നു.

 13. 13.താൻ ക്രോധത്തിന്റെ ആയുധങ്ങളെ തനിക്കൊരുക്കി ശരിപ്പെടുത്തി; താൻ തന്റെ വസ്ത്രങ്ങളെ ജ്വലിക്കുന്നവയാക്കിത്തീർത്തു.

 14. 14.ധാർമ്മികൻ വഷളത്വം ചിന്തിച്ചു ദുഷ്ടതയെ ഗർഭം ധരിച്ചു വ്യാജത്തെ പ്രസവിച്ചു.  

 15. 15.അവൻ ഒരു കുഴി അഗാധമായി കുഴിക്കുകയും, അവൻ കുഴിച്ച കുഴിയിൽ വീഴുകയും ചെയ്യും.

 16. 16.  അവന്റെ അനീതി അവന്റെ തലയിലേക്ക് തിരിയുകയും അവന്റെ നേരുകേട് അവന്റെ നിറുകയിൽതന്നെ ഇറങ്ങുകയും ചെയ്യും.

 17. 17.ഞാൻ എന്റെ നീതിക്കു തക്കവണ്ണം കർത്താവിനെ സ്തോത്രം ചെയ്യും; അത്യുന്നതനായ കർത്താവിന്റെ തിരുനാമത്തിനു പാടും.


അദ്ധ്യായം 8

 1. 1.ഞങ്ങളുടെ ദൈവമായ കർത്താവേ! നിന്റെ മഹത്വത്തെ നീ ആകശത്തിന്നുപരിയിയാക്കിയിരിക്കകൊണ്ട് തിരുനാമം ഭൂമിയിലൊക്കെയും എത്ര മഹത്വമുള്ളതാകുന്നു.

 2. 2.പ്രതിയോഗിയായ ശത്രുവിനെ നശിപ്പിച്ചു കളയേണ്ടിയതിനു നിന്റെ വൈരികൾ നിമിത്തം യുവാകളുടെയും പൈതങ്ങളുടെയും വായിൽനിന്നു നിന്റെ മഹത്വത്തെ സ്പഷ്ടമാക്കി.

 3. 3.നിന്റെ വിലലുകളുടെ ക്രീയയായ ആകാശത്തെയും നീ നിർമ്മിച്ചിട്ടുള്ള ചന്ദ്രനേയും നക്ഷത്രങ്ങളേയും അവർ കണ്ടിരിക്കയാൽ

 4. 4.നീ ഓർത്തിട്ടുള്ള പുരുഷനും നീ കൽപ്പിച്ചിട്ടുള്ള മനുഷ്യനും എന്തുള്ളു?

 5. 5.നീ അവനെ മാലാഖമാരെക്കാൾ അല്പ്പം താഴ്ത്തി, ബഹുമാനവും തേജസ്സും അവനെ ധരിപ്പിച്ചു.

 6. 6.നിന്റെ കൈകളുടെ പ്രവർത്തിമേൽ നീ അവനെ അധികാരപ്പെടുത്തി; സകലത്തെയും അവന്റെ പാദത്തിൻകീഴിലാക്കി.

 7. 7.സകല ആടുമാടുകളേയും, കാട്ടുമൃഗങ്ങളേയും,

 8. 8.ആകാശത്തിലെ പക്ഷികളേയും സമുദ്രമാർഗ്ഗേ സഞ്ചരിക്കുന്ന മത്സ്യങ്ങളേയും തന്നെ.

 9. 9.ഞങ്ങളുടെ ദൈവമായ കർത്താവേ! നിന്റെ തിരുനാമം സകല ഭൂമിയിലും എത്ര മഹത്വമുള്ളതാകുന്നു.


അദ്ധ്യായം 9

 1. 1.ഞാൻ എന്റെ പൂർണ്ണ ഹൃദയത്തോടെ കർത്താവിനെ സ്തോത്രം ചെയ്യും; ഞാൻ നിന്റെ അത്ഭുതങ്ങളെ വിവരമായി അറിയിക്കും.

 2. 2.ഞാൻ നിന്നില സന്തോഷിച്ചാനന്ദിച്ച് നിന്റെ അത്യുന്നതനാമത്തിനു കീർത്തനം പാടും.

 3. 3.എന്റെ ശത്രുക്കൾ പിന്തിരിയുന്പോൾ അവർ തട്ടിവീണ് നിന്റെ തിരുസന്നിധിയിൽനിന്ന് നശിച്ചുപോകും.

 4. 4.എന്തെന്നാൽ നീ എനിക്കുവേണ്ടി പ്രതികാരവും ന്യായപാലനവും നടത്തി; നീതിയുള്ള ന്യയാധിധിപതിയായി സിംഹാസനത്തിന്മേൽ ഇരുന്നു.

 5. 5.നീ ജാതികളെ ശ്വാസിച്ചു  ദുഷ്ടന്മാരെ നശിപ്പിച്ചു; അവരുടെനാമം എന്നന്നേക്കുമായി നീ മായിച്ചുകളഞ്ഞു.

 6. 6.എന്റെ ശത്രുക്കൾ വാളിനാൽ എന്നേക്കുമായി നശിച്ചുപോയി; പട്ടണങ്ങളെ നീ ഇടിച്ചുകളഞ്ഞു; അവയുടെ സ്മരണയേയും നീ നശിപ്പിച്ചുകളഞ്ഞു.

 7. 7.കർത്താവ് എന്നേക്കും നിലനിൽക്കുന്നവനാകുന്നു.

 8. 8.നീതിയോടെ ഭൂലോകത്തെയും, നേരോടെ ജാതികളേയും  ന്യായം വിധിപ്പാൻ, വിസ്താരത്തിന് തന്റെ സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു.

 9. 9.കർത്താവ് ദരിദ്രന്മാർക്ക് ഉപദ്രവ സമയങ്ങളിൽ സാങ്കേതസ്ഥലവും അവരെ സഹായിക്കുന്നവനും ആയിരിക്കും.

 10. 10.കർത്താവേ1 നിന്റെ തിരുനാമം അറിയുന്നവരൊക്കെയും  നിന്നിൽ ആശ്രയിക്കും; എന്തെന്നാൽ നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുകയില്ലല്ലോ.

 11. 11.സെഹിയോനിൽ വസിക്കുന്ന കർത്താവിന് കീർത്തനംപാടി തന്റെ പ്രവർത്തികളെ ജാതികളെ അറിയിപ്പിൻ.

 12. 12.എന്തെന്നാൽ അവരുടെ രക്തത്തിന് പകരം ചോദിപ്പാൻ താൻ ഓർത്തു. താൻ ദരിദ്രന്റെ നിലവിളി മറന്നുകളയുന്നില്ല.

 13. 13.കർത്താവേ! എന്നോട് കരുണ ചെയ്യണമേ! മരണ വാതിലുകളിൽ നിന്ന് എന്നെ ഉയർത്തുന്നവനേ! എന്നെ ദ്വേഷിക്കുന്നവരിൽ നിന്നുണ്ടാകുന്ന എന്റെ അടിമത്വം കാണണമേ!

 14. 14.ഞാൻ സെഹിയോൻപുത്രിയുടെ വാതിലുകളിൽ എന്റെ അത്ഭുതങ്ങളെയൊക്കെയും അറിയിക്കുകയും നിന്റെ രക്ഷയിൽ സന്തോഷിക്കുകയും ചെയ്യും.

 15. 15.ജാതികൾ ഉണ്ടാക്കിയിട്ടുള്ള കുഴികളിൽ അവർ താണുപോയി. അവർ ഒളിച്ചുവച്ച കെണിയിൽ അവരുടെ കാൽ അകപ്പെട്ടു.

 16. 16.കർത്താവ് താൻ ചെയ്യുന്ന ന്യ്യയവിധി അറിയിക്കുന്നു. ദുഷ്ടൻ സ്വയം കൈക്രീയയാൽ പിടിക്കപ്പെടുന്നു.

 17. 17.ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്ക് തിരിയും.

 18. 18.എന്തെന്നാൽ ദരിദ്രൻ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല. ദരിദ്രരുടെ പ്രത്യാശ എന്നേക്കുമായി നീ നശിപ്പിക്കുകയുമില്ല!

 19. 19. കർത്താവേ! എഴുന്നേൽക്കേണമേ! മനുഷ്യൻ പ്രബലപ്പെടരുതേ! ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകണമേ! ജാതികൾ മനുഷ്യരാകുന്നുവെന്നറിവാനായിട്ട് അവർക്ക് ന്യായദാതാവിനെ നിയമിക്കേണമേ!അദ്ധ്യായം 10

 1. 1.കർത്താവേ! അനർത്ഥകാലങ്ങളിൽ നീ ദൂരെ നിന്നതും തിരുമുഖം തിരിച്ചു കളഞ്ഞതുമെന്ത്.

 2. 2.ദുഷ്ടന്റെ അഹങ്കാരത്താൽ ദരിദ്രൻ ദഹിച്ചുപോകുന്നു; അവർ ആലോചിച്ച തന്ത്രങ്ങളിൽ അവർ തന്നെ അകപ്പെടും.

 3. 3.ദുഷ്ടൻ സ്വന്ത ദുർമ്മോഹങ്ങളിൽ പ്രശംസിക്കുന്നു. ദോഷി തന്നെത്താൻ പുകഴുന്നു. കർത്താവ് കോപിക്കുന്നു.

 4. 4.ദുഷ്ടൻ തന്റെ നിഗളത്താൽ ദൈവത്തെ അന്വേഷിക്കുന്നില്ല. അവന്റെ യാതോരാലോചനകളിലും ദൈവം ഇല്ല.

 5. 5.അവന്റെ വഴികൾ എല്ലായ്പ്പോഴും വിജയിക്കുന്നു; നിന്റെ വിധികൾ അവന്റെ ദൃഷ്ടിയിൽനിന്ന് ഉയർന്നിരിക്കുന്നു. അവൻ തന്റെ സകല ശത്രുക്കളേയും ദുഷിക്കുന്നു.

 6. 6.ഞാൻ തലമുറകളോളം ഇളകിപ്പോകുകയിലെന്നു അവൻ സ്വഹൃദയത്തിൽ പറഞ്ഞ് തിന്മ വിചാരിക്കുന്നു.

 7. 7.അവന്റെ വായ് ശാപവും വഞ്ചനയും നെരുകേടുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻകീഴിൽ വഞ്ചനയും അന്യായവുമുണ്ട്.

 8. 8.അവൻ വാസസ്ഥലത്ത് പതിയിരുന്ന് നീതിമാനെ രഹസ്യമായി കൊല്ലുന്നു.

 9. 9.അവന്റെ കണ്ണുകൾ സാധുവിനെ ഉറ്റുനോക്കുന്നു; ദരിദ്രനെ വലവച്ചു പിടിപ്പാൻ അവൻ പതിയിരിക്കുന്നു.

 10. 10.അവൻ ക്ഷീണിച്ച് വീണുപോകും; അവന്റെ അസ്ഥികളിൽ നൊന്പരങ്ങളും രോഗങ്ങളും ഉണ്ടാകും.

 11. 11.ദൈവം മറന്നു; തന്റെ മുഖവും തിരിച്ചു; ഒരിക്കലും കാണുകയില്ലെന്ന് അവൻ ഹൃദയത്തിൽ പറയുന്നു.

 12. 12.എന്റെ ദൈവമായ കർത്താവേ! നീ എഴുന്നേറ്റു തൃക്കൈ ഉയർത്തണമേ! ദരിദ്രനെ മറന്നുകളയരുതെ!

 13. 13.ദൈവത്തെ പാപി കോപിപ്പിക്കുന്നതും നീ പകരം ചോദിക്കയില്ലെന്നു അവൻ ഹൃദയത്തിൽ പറയുന്നത് എന്തിന്?

 14. 14.ചതിവും ക്രോധവും ഉണ്ടെന്ന് നീ കാണുന്നുണ്ടല്ലോ; അവൻ നിന്റെ കൈകളിൽ അകപ്പെടുമെന്ന് നീ സൂക്ഷമമായി അറിയുന്നു. സാധുവിന് നിങ്കൽ അഭയമുണ്ടാകുകയും ചെയ്യും. അനാഥനു നീ സഹായിയാകുന്നുവല്ലോ.

 15. 15.നീ പാപിയുടെ ഭുജത്തെ തകർക്കണമേ! ദുഷ്ടന്റെ ദുഷ്ടത ഇല്ലാതാകുവോളം അവന്റെ പാപത്തിനു പ്രതികാരം നടത്തേണമേ!

 16. 16.കർത്താവ് ശാശ്വത രാജാവാകുന്നു. ജാതികൾ തന്റെ ദേശത്തുനിന്നു നശിച്ചുപോയി.

 17. 17.കർത്താവേ! നീ ദരിദ്രന്മാരുടെ പ്രത്യാശ ശ്രദ്ധിക്കുന്നു. അനാഥന്മാർക്കും സാധുക്കൾക്കും വേണ്ടി ന്യായം നടത്തുവാൻ അവരുടെ ഹൃദയസന്നദ്ധതയെ നിന്റെ ചെവി സൂക്ഷിച്ചുകേൾക്കും. താനിനി ഭൂമിയിൽനിന്ന് മനുഷ്യരെ നശിപ്പിക്കയില്ല.


അദ്ധ്യായം 11

 1. 1.ഞാൻ കർത്താവിൽ ആശ്രയിച്ചിരിക്കുന്നു; നിങ്ങൾ എന്റെ ആത്മാവിനോടു ഒരു പക്ഷിയെപ്പോലെ പർവതങ്ങളിലേക്ക് പറന്നുപോയി പാർത്തുകൊൾക എന്ന് പറയുന്നതു  എങ്ങനെ?

 2. 2.എന്തെന്നാൽ ഇതാ പാപികൾ ഹൃദയപരമാർത്ഥികളെ കൂരിരുട്ടത്തു ഐയ്യുവാനയിട്ടു വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തിരിക്കുന്നു.

 3. 3.നീ അടിസ്ഥാനം ഇട്ടതു അവർ മറിച്ചു കളഞ്ഞല്ലോ. നീതിമാൻ എന്തുചെയ്യും?

 4. 4.കർത്താവു തന്റെ വിശുദ്ധ ആലയത്തിലുണ്ട്. കർത്താവിന്റെ സിംഹാസനം സ്വർഗ്ഗത്തിലാകുന്നു; തന്റെ കണ്ണുകൾ മനുഷ്യരെ കാണുകയും കണ്പോളകൾ പരിശോധിക്കുകയും ചെയ്യുന്നു.

 5. 5.കർത്താവ് നീതിമാന്മാരെ പരിശോധിക്കുന്നു; വഞ്ചകന്മാരെയും ചതിയെ സ്നേഹിക്കുന്നവരെയും തന്റെ ആത്മാവ് വെറുക്കുന്നു.

 6. 6.ദുഷ്ടന്മാരുടെമേൽ മഴപോലെ കെണിയിറങ്ങുന്നു; അവരുടെ പാനപത്രത്തിലെ ഓഹരി തീയും ഗന്ധകവും ശിക്ഷയുടെ കാറ്റുമാകുന്നു.

 7. 7.എന്തെന്നാൽ കർത്താവ് നീതിമാനാകുന്നു; താൻ പുണ്യത്തെ ഇഷ്ടപ്പെടുകയും തന്റെ മുഖം നേരിനെ കാണുകയും ചെയ്യുന്നു.അദ്ധ്യായം 12

 1. 1.കർത്താവേ! രക്ഷിക്കണമേ! എന്തെന്നാൽ നല്ലവാൻ ഇല്ലാതായി; ഭൂമിയിൽനിന്നു വിശ്വാസം മാഞ്ഞുപോയി.

 2. 2.മനുഷ്യർ വ്യർത്ഥകാര്യം സംസാരിക്കുന്നു; ഓരോരുത്താൻ താന്താന്റെ സഖിയോട് ഭിന്നാധരങ്ങളാലും ഇരുമാനസ്സോടും സംസാരിക്കുന്നു.

 3. 3.കർത്താവു സകല ഭിന്നാധരങ്ങളേയും വന്പുപറയുന്ന നാവുകളേയും നശിപ്പിച്ചുകളയും.

 4. 4.ഞങ്ങളുടെ നാവിനെ ഞങ്ങൾ പുകഴ്ത്തും. അധരങ്ങൾ ഞങ്ങളുടേതാകുന്നു.  ഞങ്ങളുടെ അധിപതി ആരാകുന്നു? എന്ന് അവർ പറയുന്നു.

 5. 5.ദരിദ്രരെ കൊള്ളയിടുന്നത് നിമിത്തവും, എളിയവരുടെ ദീർഘ നിശ്വാസം നിമിത്തവും ഇനി ഞാൻ എഴുന്നേറ്റു പരസ്യമായി രക്ഷചെയ്യുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു.

 6. 6.കർത്താവിന്റെ വചനം നിർമ്മലവചനമാകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴിരട്ടി ശുദ്ധി ചെയ്ത വിശേഷമായ വെള്ളിപോലെയുമാകുന്നു.

 7. 7.കർത്താവേ! നീ ഇവരെ കാത്തുകൊള്ളണമേ! ഈ തലമുറയിൽനിന്ന് എന്നേക്കുമായി എന്നെ വീണ്ടെടുത്ത് രക്ഷിക്കേണമേ!

 8. 8.എന്തെന്നാൽ ആദോംകാരുടെ വഷളമായ ഡംബംപോലെ ദുഷ്ടന്മാർ ചുറ്റി നടക്കുന്നു.


അദ്ധ്യായം 13


1. കർത്താവേ! നീ എത്രത്തോളം എന്നെ മറക്കും? എന്നെക്കുമോ? നീ എത്രത്തോളം എന്നിൽനിന്ന് മുഖം തിരിക്കും.  

2. എന്റെ ആത്മാവിൽ ഖേദവും എന്റെ ഹൃദയത്തിൽ ദിനം തോറും ദുഖവും എത്രത്തോളം നീ വയ്ക്കും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?

3. എന്റെ ദൈവമായ കർത്താവേ! തൃക്കണ് പാർത്ത് എന്നോട് ഉത്തരമരുളിചെയ്യേണമേ; ഞാൻ മരണനിദ്രയെ പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ!

4. ഞാൻ അവനെ ജയിച്ചുവെന്ന് എന്റെ വൈരി പറയരുതേ; ഞാൻ ചഞ്ചെലപ്പെടുമ്പോൾ എന്റെ പീഡകർ എന്നെക്കുറിച്ച് സന്തോഷിക്കുകയും അരുതേ.

5. എന്നാൽ ഞാൻ നിൻറെ കൃപയിൽ പ്രത്യാശിച്ചു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.

6. എന്നെ രക്ഷിച്ച കർതാവിനെ ഞാൻ സ്തുതിക്കും.


അദ്ധ്യായം  – 14

1. ദൈവം ഇല്ലായെന്ന് അധർമ്മി തൻറെ ഹൃദയത്തിൽ പറയുന്നു; അവർ വഷളായി തങ്ങളുടെ ഉപായങ്ങളാൽ അശുദ്ധിപ്പെട്ടു; നന്മ ചെയ്യുന്നവൻ ഇല്ല;

2. വിവേകത്തോടെ ദൈവത്തെ അന്വേഷിക്കുന്നവൻ ഉണ്ടോ എന്ന് കാണ്മാൻ സ്വർഗ്ഗത്തിൽ നിന്ന് കർത്താവ് മനുഷ്യരുടെമേൽ സൂക്ഷിച്ചുനോക്കി.

3. എല്ലാവരും ഒരുപോലെ വഴിതെറ്റി കൊള്ളരുതാത്തവരായിത്തീർന്നു. നന്മ ചെയ്യുന്നവൻ ഇല്ല; ഒരുത്തൻ പോലുമില്ല;

4. അവർ അപ്പം ഭക്ഷിക്കുന്നതുപോലെ എൻറെ ജനത്തെ ഭക്ഷിക്കുന്നവരായി. അന്യായം പ്രവർത്തിക്കുന്ന ഒരുവനും അറിഞ്ഞില്ല. അവർ കർത്താവിനെ വിളിച്ചുമില്ല;

5. അവർ അവിടെ വളരെ ഭയപ്പെട്ടു; എന്തെന്നാൽ കർത്താവ് നീതിമാന്മാരുടെ തലമുറയിലാണുള്ളത്.

7. സെഹിയോനിൽ നിന്ന് ഇസ്രായേലിന് രക്ഷ ആര് നൽകും; കർത്താവ് തൻറെ ജനത്തിൻറെ അടിമയെ തിരിക്കുമ്പോൾ യാക്കോബ് സന്തോഷിക്കുകയും ഇസ്രായേൽ ആനന്ദിക്കുകയും ചെയ്യും.


അദ്ധ്യായം  15

1. കര്ത്താവേ! നിൻറെ കൂടാരത്തിൽ ആർ പാർക്കും? നിൻറെ വിശുദ്ധ പർവതത്തിൽ ആർ വസിക്കും;

2. കുറ്റം കൂടാതെ നടന്ന് നീതി പ്രവർത്തിച്ച് ഹൃദയപൂർവ്വം സത്യം സംസാരിക്കുന്നവനും

3. തൻറെ നാവുകൊണ്ട് വഞ്ചിക്കാത്തവനും, തൻറെ സഖിയോട് ദോഷം ചെയ്യാത്തവനും, തൻറെ അയൽക്കാരന് വിരോധമായി കൈക്കൂലി വാങ്ങാത്തവാനും

4. കോപിക്കുന്നവൻ തൻറെ കണ്കളിൽ നിഷിദ്ധനും, കർത്താവിൻറെ ഭക്തന്മാരെ ബഹുമാനിക്കുന്നവനും തൻറെ സഖിയോടു ആണയിട്ടു വ്യാജം ചെയ്യാത്തവനും,

5. തൻറെ ദ്രവ്യം പലിശക്കു കൊടുക്കാത്തവനും, കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാത്തവനും തന്നെ; ഇവയെ ചെയ്യുന്നവൻ നീതിമാനാകുന്നു; അവൻ ഒരിക്കലും ഇളകുകയില്ല.


Psalms – 16

1. ദൈവമേ! ഞാൻ നിന്നിൽ പ്രത്യാശിച്ചിരിക്കയാൽ എന്നെ കാത്തുപാലിക്കണമേ.

2. ഞാൻ കർത്താവിനോടു എൻറെ കർത്താവ് നീ ആകുന്നുവെന്നും എൻറെ നന്മ നിൻറെ അടുക്കൽ നിന്നാകുന്നു എന്നും പറഞ്ഞു.

3. ഭൂമിയിലെ  ശുധിമാന്മാരോടും മഹത്വുക്കളോടും എന്റെ ഇഷ്ടം എല്ലാം അവരിലാകുന്നുവെന്നും ഞാൻ പറഞ്ഞു.

4. അന്യദേവനെ ഉൾക്കൊള്ളുന്നവരുടെ നൊമ്പരങ്ങൾ വേഗത്തിൽ വർദ്ധിക്കും; അവരുടെ രക്തപാനീയ ബലികളെ ഞാൻ കഴിക്കയില്ല; അവരുടെ നാമങ്ങളെ എൻറെ അധരത്തിൽ ഒർക്കയില്ല.

5. എൻറെ അവകാശത്തിന്റെയും പാന പാത്രത്തിന്റെയും ഓഹാരിയാകുന്ന കർത്താവേ!എന്റെ അവകാശത്തെ എനിക്ക് തിരിച്ചു തരുന്നവൻ നീയാകുന്നു.

6. നല്ല സ്ഥലങ്ങളിൽ എനിക്ക് (അളവു) ചരടുകൾ വീണിരിക്കുന്നു, എന്റെ അവകാശം എനിക്ക് ഇഷ്ടകരവും ആയിരിക്കുന്നു.

7. എനിക്കു ബുദ്ധി ഉപദേശിച്ച കർത്താവിനെ ഞാൻ സ്തുതിക്കും; രാത്രികാലങ്ങളിലും എൻറെ അന്തരീന്ദ്രിയങ്ങൾ എന്നെ പഠിപ്പിച്ചു;

8. ഞാൻ കർത്താവിനെ സദാ നേരവും എന്റെ മുന്നിൽ വച്ചു;  ഞാൻ ഇളകാതിരിപ്പാൻ താൻ എൻറെ വലത്തു ഭാഗത്തുണ്ട്.

9. ഇതു നിമിത്തം എൻറെ ഹൃദയം സന്തോഷിച്ചു. എൻറെ മനസ്സും ആനന്ദിച്ചു. എൻറെ ജഡവും സ്വൈര്യമായി വസിക്കും.

10. എന്തെന്നാൽ നീ എൻറെ ആത്മാവിനെ പാതാളത്തിൽ വിട്ടു കളഞ്ഞില്ലാ; നിൻറെ പുണ്യവാനെ നാശം കാണ്മാൻ കൊടുത്തു.

11. നീ നിന്റെ ജീവവഴി എന്നോടറിയിക്കും; തിരുസന്നിധിയിലെ സന്തോഷം കൊണ്ടും വലത്തു തൃക്കയ്യുടെ ജയാനന്ദം കൊണ്ടും ഞാൻ തൃപ്തനാകും..


അദ്ധ്യായം  17


1. പരിശുദ്ധനായ കർത്താവേ! എൻറെ അപേക്ഷ ശ്രദ്ധിച്ചു കേൾക്കേണമേ; വഞ്ചനയില്ലാത്ത എൻറെ അധരങ്ങളിൽ നിന്നുമുള്ള പ്രാർത്ഥന കേൾക്കേണമേ.

2. എൻറെ മേലുള്ള വിധി തിരുമുൻപാകെ നിന്നു പുറപ്പെടെണമേ. നിൻറെ കണ്ണുകൾ സത്യം കാണണമേ.

3. നീ എൻറെ ഹൃദയത്തെ പരിശോധിച്ചു, രാത്രിയിൽ എന്നെ ദർശിച്ചു എന്നെ ശോധനചെയ്തു; ദോഷം എന്നിൽ കണ്ടെത്തിയില്ലല്ലോ.

4. മനുഷ്യരുടെ പ്രവർത്തികളെ കണ്ടിട്ടു; അധരസംസാരത്താൽ എൻറെ വായ് അതിലംഘിച്ചില്ല.

5. എൻറെ പാദങ്ങൾ ഇളകാതിരിപ്പാൻ നിൻറെ ഊടുവഴികളിൽ എൻറെ നടപ്പുകൾ നീ കാത്തു.

6. ഞാൻ നിന്നെ വിളിച്ചു; നീ എന്നോട് ഉത്തരമരുളി; ദൈവമേ! എങ്കലേക്കു നിൻറെ ചെവി ചായിച്ചു എൻറെ വചനങ്ങൾ കേൾക്കേണമേ.

7. നിൻറെ വലത്തുകൈക്കു വിരോധമായി നിൽക്കുന്നവരിൽനിന്നു, നിന്നില ആശ്രയിക്കുന്നവരെ രക്ഷിക്കുന്നവനേ! നിൻറെ പുണ്യവാനെ നീ അത്ഭുതമാക്കിത്തീർക്കേണമേ.

8. കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ.

9. എൻറെ നേരെ വിരോധം വിചാരിച്ച് എൻറെ ആത്മവൈരികളായി എന്നെ കവർച്ച ചെയ്ത പാപികളുടെ മുമ്പിൽനിന്ന് നിൻറെ ചിറകുകളുടെ നിഴലിൽ എന്നെ മറയ്ക്കേണമേ.

10 നിഗളിച്ചു സംസാരിച്ച അവരുടെ വായ് പൊത്തേണമേ.

11. അവർ എന്നെ സ്തുതിച്ചു; ഇപ്പോൾ അവരെന്നെ വളഞ്ഞ്,ഭൂമിയിൽ എന്നെ ഇട്ടുകളയുവാൻ ദ്രുഷ്ടിവച്ചിരിക്കുന്നു.

12. എന്തെന്നാൽ അവർ ഇരപിടിപ്പാൻ അന്വേഷിക്കുന്ന സിംഹം പോലെയും രഹസ്യ സ്ഥലത്തു പതിയിരിക്കുന്ന ബാലസിംഹം പൊലെയുമാകുന്നു.

13. കർത്താവേ! നീ അവരുടെ മുൻപാകെ എഴുന്നേറ്റ് അവരെ മുട്ടുകുത്തിക്കണമേ. ദുഷ്ടന്മാരിൽ നിന്നും വാളിൽനിന്നും എൻറെ ആത്മാവിനെ രക്ഷിക്കണമേ.

14. കർത്താവേ! തൃക്കൈകളാൽ മരിച്ചു പോയവരിൽനിന്നും പൊടിമണ്ണിലെ മരിച്ചവരിൽ നിന്നും എന്നെ (രക്ഷിക്കണമേ). ഈ ആയുസ്സിൽ നീ അവർക്ക് ഓഹരി കൊടുത്തു നിൻറെ നിക്ഷേപങ്ങൾ കൊണ്ട് അവരുടെ വയറിനെ നിറയ്ക്കണമെ. മക്കൾ സമ്പൂർണ്ണന്മാരായി അവരുടെ മക്കൾക്ക് ശേഷിപ്പിക്കുകയും ചെയ്യട്ടെ.

15. എന്നാൽ പുണ്യത്തിൽ തിരുഹിതം കാണുകയും നിലവിലുള്ള വിശ്വാസത്തിൽ ഉണരുമ്പോൾ തൃപ്തനാകയും ചെയ്യട്ടെ.


അദ്ധ്യായം  18


1.എൻറെ ബലമായ കർത്താവേ! ഞാൻ നിന്നെ സ്നേഹിക്കും.

2. താൻ എൻറെ ശരണവും എന്റെ സാങ്കേത സ്ഥലവും എന്നെ രക്ഷിക്കുന്നവനും ഞാൻ ആശ്രയിച്ചിരിക്കുന്ന ബലവാനായ ദൈവവും എൻറെ സഹായകനും എൻറെ രക്ഷയുടെ കൊമ്പും, എൻറെ മഹത്വമുള്ള അഭയസ്ഥാനവുമാകുന്നു.

3. ഞാൻ കർത്താവിനെ വിളിച്ച്  എൻറെ വൈരികളിൽനിന്നു രക്ഷപെടും.

4. എന്തെന്നാൽ മരണപാശങ്ങൾ എന്നെ ചുറ്റി; വഞ്ചകന്മാരുടെ പ്രവാഹം എന്നെ ഭ്രമിപ്പിച്ചു.

5. പാതാള പാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിൻറെ കെണികൾ എനിക്കു എതിരേ വന്നു.

6. എന്റെ ഞെരുക്കത്തിൽ ഞാൻ കർത്താവിനെ വിളിച്ചു; എൻറെ ദൈവത്തോട് ഞാൻ അപേക്ഷിക്കുകയും ചെയ്തു. താൻ തൻറെ ആലയത്തിൽനിന്നു എന്റെ ശബ്ദം കേട്ടു; തിരുസന്നിധിയിൽ ഞാൻ കഴിച്ച എന്റെ നിലവിളി തൻറെ ചെവികളിൽ എത്തി.

7. ഭൂമി കുലുങ്ങി, താൻ കോപിക്കയാൽ പർവതങ്ങളുടെ അടിസ്ഥാനങ്ങൾ പൊട്ടിപ്പിളർന്നു.

8. തൻറെ കോപത്താൽ പുക കരേറി; തന്റെ തിരുസന്നിധിയിൽ നിന്നു അഗ്നി ജ്വലിച്ചു. തന്നിൽനിന്നു തീക്കനലുകൾ എരിഞ്ഞു ;

9. താൻ ആകാശം ചായിച്ചിറങ്ങി; തൃപ്പാദങ്ങളുടെ കീഴിൽ ഇരുളും ഉണ്ടായിരുന്നു.

10. താൻ ക്രൂബേന്മാരുടെമേൽ വാഹനമേറി പറന്നു; താൻ കാറ്റിൻറെ ചിറകുകൽമേലും പറന്നു;

11. താൻ ഇരുളിനെ തൻറെ മറവാക്കി വച്ചു; ആകാശ മണ്ഡലത്തിലെ മേഘങ്ങളിൽ ജല തമസ്സുകൊണ്ടു തൻറെ ചുറ്റും കൂടാരമുണ്ടാക്കി.

12. തന്റെ കൂടാരത്തിന്റെ പ്രകാശത്താൽ തന്റെ മേഘങ്ങളെ കൽമഴയും തീക്കനലുകളും ആക്കിത്തീർത്തു.

13. കർത്താവു ആകാശത്തിൽ ഇടിമുഴക്കി;  അത്യുന്നതൻ ശബ്ദിച്ചു; കൽമഴയും തീക്കനലുകളും ഉണ്ടായി.

14. താൻ തൻറെ അസ്ത്രങ്ങൾ അയച്ചു അവരെ ചിതറിച്ചു; തൻറെ മിന്നലുകളെ വർധിപ്പിച്ചു അവരെ ഭ്രമിപ്പിച്ചു.

15. കർത്താവേ! നിന്റെ ശാസനയാലും നിൻറെ കോപ ശ്വാസത്തിൻറെ ഊത്തിനാലും നീർച്ചാലുകൾ വെളിപെട്ടു; ഭൂലോകത്തിൻറെ അടിസ്ഥാനങ്ങളും കാണുമാറായി.

16. താൻ ഉന്നതത്തിൽനിന്നു ആളയച്ചു എന്നെ കോരിയെടുത്തു; പെരുവെള്ളത്തിൽ നിന്നു എന്നെ വലിച്ചെടുത്തു.

17. ശക്തരായ എന്റെ ശത്രുക്കളിൽ നിന്നും എന്നേക്കാൾ ശക്തരായ എന്റെ വൈരികളിൽ നിന്നും താൻ എന്നെ രക്ഷിച്ചു.

18. എന്റെ അനർത്ഥങ്ങളിൽ അവർ എനിക്ക് എതിരായി നിന്നു; കർത്താവ് എനിക്ക് രക്ഷകനായിതീർന്നു.

19. താനെന്നെ ആശ്വാസത്തിലേക്ക് പുറപ്പെടുവിച്ചു, താൻ എന്നിൽ ഇഷ്ടപ്പെട്ടതുകൊണ്ട് എന്നെ രക്ഷിച്ചു.

20. കർത്താവ് എന്റെ നീതിപ്രകാരം എനിക്ക് പ്രതിഫലം തന്നു; എൻറെ കൈകളുടെ നൈർമല്യപ്രകാരം നിവർത്തിച്ചു തരികയും ചെയ്തു.

21. എന്തെന്നാൽ ഞാൻ കർത്താവിന്റെ വഴികളെ ആചരിച്ചു;  ഞാൻ എൻറെ ദൈവത്തോട് മത്സരിച്ചതുമില്ല;

22. എന്തെന്നാൽ തന്റെ നീതിയും ന്യായവും എന്റെ മുമ്പിൽ ഉണ്ട്. തൻറെ വേദപ്രമാണങ്ങളെ എങ്കൽനിന്ന് ഞാൻ നീക്കിക്കളഞ്ഞില്ല.

23. ഞാൻ തൻറെ മുൻപിൽ കുറ്റമില്ലാത്തവനായിരുന്നു; ഞാൻ പാപങ്ങളിൽ നിന്ന് എന്നെത്തന്നെ കാത്തു സൂക്ഷിച്ചു.

24. കർത്താവു എന്റെ നീതിപ്രകാരവും തൻറെ തിരുമുമ്പിൽ എന്റെ കൈകളുടെ നൈർമല്യപ്രകാരവും എനിക്കു പ്രതിഫലം നൽകി.

25. പുണ്യവാനോട് നീ പുണ്യവാനായിരിക്കും; പരമാർഥിയോട് നീ പരമാർഥിയായിരിക്കും

26. ഉത്തമനോട് നീ ഉത്തമാനാകും; വക്രനോട് നീ വക്രത കാണിക്കും.

27. എന്തെന്നാൽ താഴ്മയുള്ള ജനത നീ രക്ഷിക്കും, നിഗളമുള്ള കണ്ണുകളെ താഴ്ത്തും.

28. നീ എൻറെ വിളക്കിനെ ശോഭിപ്പിക്കും; എൻറെ ദൈവമായ കർത്താവ് എൻറെ അന്ധകാരത്തെ പ്രകാശിപ്പിക്കും;

29. എന്തെന്നാൽ ഞാൻ നിന്നാൽ ഒരു സൈന്യത്തിൻറെ നേരേ ഓടിക്കയറും; എൻറെ ദൈവം മൂലം ഞാൻ കോട്ട ചാടിക്കടക്കും.

30. ദൈവത്തിൻറെ വഴി കുറ്റമറ്റതാകുന്നു; കർത്താവിന്റെ വചനം ശോധന ചെയ്യപ്പെട്ടതാകുന്നു; തന്നിൽ ആശ്രയിച്ചിരിക്കുന്ന എല്ലാവരേയും താൻ സഹായിക്കും.

31. എന്തെന്നാൽ കർത്താവല്ലാതെ മറ്റൊരു ദൈവമില്ല. നമ്മുടെ ദൈവത്തെപ്പോലെ ബലവാനും ഇല്ല.

32. ശക്തികൊണ്ട് എൻറെ അര ബന്ധിച്ചു. എൻറെ നടപ്പ് കുറ്റമില്ലാതാക്കിയത് ദൈവമാകുന്നു.

33. താൻ എന്റെ കാലുകൾ കലയുടെ കാലുകൾ പോലെ ആക്കി. ഉയരത്തിൽ എന്നെ നിറുത്തി.

34. താൻ എൻറെ കൈകളെ യുദ്ധത്തിന് അഭ്യസിപ്പിച്ചു; എൻറെ ഭുജങ്ങളെ പിച്ചളവില്ലുപോലെ ഉറപ്പിച്ചു.

35. നീ എനിക്കു  രക്ഷയുടെ പരിചയെ തന്നു; നിൻറെ വലത്തുകൈ എന്നെ സഹായിക്കും; നിൻറെ ശിക്ഷണം എന്നെ വലിയവനാക്കും.

36. എന്റെ നരിയാണികൾ ഇളകാതിരിപ്പാൻ എൻറെ കീഴിൽ എൻറെ പാദങ്ങളെ നീ വിശാലമാക്കി.

37. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു അവരെ പിടിക്കും ഞാൻ അവരെ നിശ്ശേഷമാക്കുന്നതുവരെ പിന്തിരിയുകയുമില്ല.

38. ഞാൻ അവരെ വെട്ടും; എഴുന്നേല്പ്പാൻ അവർക്കു കഴിയുകയില്ല. അവർ എന്റെ പാദങ്ങളുടെ കീഴിൽ വീഴും.

39. യുദ്ധത്തിൽ ശക്തികൊണ്ട് നീ എന്റെ അര കെട്ടും, എനിക്ക് വിരോധമായി എഴുന്നെൽക്കുന്നവരെ നീ എന്റെ കീഴിൽ മുട്ടുകുത്തിക്കും.

40. നീ എന്റെ ശത്രുക്കളെ എന്റെ മുന്പാകെ തകർക്കും. എന്നെ പകെക്കുന്നവരെ ഞാൻ നിശബ്ദരാക്കും.

41. അവർ നിലവിളിക്കും അവർക്ക് രക്ഷകനുണ്ടാകുകയില്ല. അവർ കർത്താവിനോടപേക്ഷിക്കും; താനവരോട് ഉത്തരമരുളിചെയ്കയില്ല.

42. ഞാൻ അവരെ കാറ്റത്തെ പൊടി പോലെ ധൂളിയാക്കി , തെരുവീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.

43. നീ ജനത്തിന്റെ വ്യവഹാരത്തിൽ നിന്ന് എന്നെ രക്ഷിച്ചു എന്നെ പുറജാതികൾക്ക് തലവനാക്കും. ഞാൻ അറിഞ്ഞിട്ടില്ലാത്ത ജനം എന്നെ സേവിക്കും.

44. അവർ കേൾക്കുന്ന ഉടനേതന്നെ എന്നെ അനുസരിക്കും; അന്യമക്കൾ എനിക്കു കീഴ്പ്പെടും.

45. അന്യന്മാർ ക്ഷയിച്ച്  അവരുടെ അവരുടെ വഴികളിൽ നിന്ന് വിറച്ചുകൊണ്ടുവരും.

46. കർത്താവു ജീവനുള്ളവനാകുന്നു എന്നെ ശക്തിപ്പെടുത്തുന്നവൻ വാഴ്തപ്പെട്ടവനാകുന്നു; എന്റെ രക്ഷകനായ ദൈവം ഉന്നതൻ.

47. എനിക്കുവേണ്ടി പകരം ചോദിക്കുകയും ജാതികളെ എനിക്ക് കീഴാക്കുകയും ചെയ്തത് ദൈവമാകുന്നു.

48. താൻ എന്റെ ശത്രുക്കളിൽനിന്നു എന്നെ രക്ഷിചു എനിക്കെതിരായി നില്ക്കുന്നവരിൽനിന്നു എന്നെ രക്ഷിക്കുകയും ചെയ്യും.

49. എന്റെ കർത്താവേ! ഇതുനിമിത്തം ജാതികളുടെ ഇടയിൽ ഞാൻ നിന്നെ സ്തോത്രം ചെയ്ത് നിന്റെ തിരുനാമത്തിനു കീർത്തനം പാടും.

50. താൻ തന്റെ രാജാവിന്റെ രക്ഷയെ വലുതാക്കി. തന്റെ അഭിഷിക്തനായ ദാവീദിനോടും അവന്റെ സന്തതിയോടും എന്നേക്കും കൃപ ചെയ്യുന്നു.


അദ്ധ്യായം 19

1. ആകാശങ്ങൾ ദൈവത്തിൻറെ മഹത്വം അറിയിക്കുന്നു; ആകാശ വിതാനം തൻറെ കൈപ്പണിയെ കാണിക്കുന്നു.

2. പകൽ പകലിന് വാക്കിനെ ഉച്ചരിക്കുന്നു;  രാത്രി രാത്രിക്കു അറിവിനെ അറിയിക്കുകയും ചെയ്യുന്നു.

3 അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല വാക്കുകളുമില്ല.

4. ഭൂമിയിൽ  എല്ലായിടവും അവയുടെ അറിയിപ്പും ഭൂതലത്തിൻറെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു; സൂര്യനായിട്ട് അവയുടെമേൽ തൻറെ കൂടാരമടിച്ചു.

5. അതു തൻറെ മണവറയിൽ നിന്നു പുറപ്പെടുന്ന മണവാളൻ എന്നപോലെ ആകുന്നു. ശക്തൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

6. ആകശത്തിന്റെ ഒരറ്റത്തുനിന്നു അതിൻറെ ഉദയവും ആകാശത്തിൻറെ അറുതിയിൽ അതിൻറെ അസ്തമനവും ആകുന്നു; അതിൻറെ ആവിയിൽനിന്നു മറവായിരിക്കുന്നത് ഒന്നുമില്ല.

7. കർത്താവിൻറെ വേദപ്രമാണം കറയറ്റതും ആത്മാവിനെ തിരിക്കുന്നതുമാകുന്നു; കർത്താവിന്റെ സാക്ഷ്യം വിശാസ യോഗ്യവും, ശിശുക്കളെ വിജ്ഞാനികളാക്കുന്നതുമാകുന്നു.

8. കർത്താവിൻറെ പ്രമാണങ്ങൾ ചൊവ്വുള്ളതും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു; കർത്താവിൻറെ കൽപ്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു;

9. കർത്താവിനെക്കുറിച്ചുള്ള ഭക്തി നിർമ്മലവും എന്നേക്കും നിലനിൽക്കുന്നതുമാകുന്നു; കർത്താവിൻറെ ന്യായവിധികൾ സത്യമായുള്ളവയും  സകലത്തിലും നീതിയുള്ളവയുമാകുന്നു.

10. അവ തങ്കത്തേക്കാളും നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയേക്കാളും മാധുര്യമുള്ളവയുമാകുന്നു.

11. അത്രയുമല്ല; നിൻറെ ദാസനു അവയാൽ പ്രബോധനം ലഭിക്കും; അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും.

12. പിഴകളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യ കാര്യങ്ങളിൽ  നീ എന്നെ കുറ്റമില്ലാത്തവനായിത്തീർക്കേണമേ.

13. ദുഷ്ടമാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞിരിപ്പാനും വേണ്ടി അന്യായത്തിൽ നിന്ന് നിൻറെ ദാസനെ തടുക്കേണമേ.

14. എൻറെ സഹായകനും, എൻറെ രക്ഷകനുമായ കർത്താവേ എൻറെ വായിലെ വചനങ്ങൾ തിരുവിഷ്ടപ്രകാരവും എൻറെ ഹൃദയത്തിലെ ധ്യാനം തിരുമുമ്പാകെയും ഇരിക്കണമേ!


അദ്ധ്യായം 20

1. കഷ്ടകാലത്തിൽ കർത്താവ് നിന്നോട് ഉത്തരമരുളിച്ചെയ്യട്ടേ! യാക്കോബിൻറെ ദൈവത്തിൻറെ നാമം നിന്നെ സഹായിക്കട്ടെ;

2. തൻറെ വിശുദ്ധ സ്ഥലത്ത് നിന്ന് താൻ നിനക്കു സഹായം അയച്ചു, സെഹിയോനിൽ നിന്ന് നിന്നെ സഹായിക്കട്ടെ.

3. കർത്താവ് നിൻറെ എല്ലാ വഴിപാടുകളെയും ഓർത്തു നിൻറെ ഹോമബലികളെ പുഷ്ടിയാക്കട്ടെ;

4. കർത്താവ് നിൻറെ ആഗ്രഹാനുസരണം നിനക്കു നൽകട്ടെ! നിൻറെ സകല ചിന്താനുസരണം താൻ നിവർത്തിക്കട്ടെ!

5. ഞങ്ങൾ നിൻറെ ജയം നിമിത്തം സ്തുതി പാടി ഞങ്ങളുടെ ദൈവത്തിൻറെ തിരുനാമത്തിൽ പുകഴും; കർത്താവ് നിന്റെ ഇഷ്ടമെല്ലാം സാധിക്കട്ടെ;

6. ദൈവം ഇപ്പോൾ തൻറെ അഭിഷിക്തനെ താൻ തൻറെ വലങ്കൈയ്യുടെ ശക്തിയാലും രക്ഷയാലും തൻറെ വിശുദ്ധിയിൽ സ്വർഗ്ഗത്തിൽനിന്ന് അവനോടുത്തരമരുളിച്ചൈയ്തു.

7. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിച്ചു;  ഞങ്ങളോ ഞങ്ങളുടെ ദൈവമായ കർത്താവിന്റെ നാമത്തിൽ പ്രബലപ്പെടും.

8. അവർ മുട്ടുകുത്തി വീണുപോയി. ഞങ്ങൾ എഴുന്നേറ്റ് ഒരുങ്ങിനിന്നു.

9. കർത്താവേ ഞങ്ങളെ രക്ഷിക്കുകയും ഞങ്ങൾ അപേക്ഷിക്കുന്ന നാളിൽ ഞങ്ങളുടെ രാജാവ് ഞങ്ങളോടുത്തരമരുളുകയും ചെയ്യട്ടെ.


അദ്ധ്യായം 21

1. കർത്താവേ! രാജാവ് നിന്റെ ശക്തിയിൽ സന്തോഷിച്ച് നിൻറെ രക്ഷയിൽ അധികമായി ആനന്ദിക്കും.

2. അവൻറെ ഹൃദയത്തിലെ ആഗ്രഹപ്രകാരം നീ അവനു കൊടുത്തു; അവൻറെ അധരങ്ങളുടെ അപേക്ഷ നീ വിരോധിച്ചതുമില്ല.

3. എന്തെന്നാൽ നീ ഉത്തമാനുഗ്രഹങ്ങളാൽ അവനെ എതിരേറ്റു അവൻറെ ശിരസ്സിന്മേൽ മഹാത്വകിരീടം വച്ചു.

4. അവൻ നിന്നോട് ജീവനെ ചോദിച്ചു; നീ അവനു എന്നന്നേക്കും ദീർഘായുസ്സ് കൊടുത്തു.

5. നിൻറെ രക്ഷയാൽ അവൻറെ മഹത്വം ശ്രേഷ്ഠമായി; നീ അവൻറെമേൽ മഹത്വവും പ്രഭയും വച്ചു ;

6. എന്തെന്നാൽ നീ അവനെ എന്നന്നേക്കും ഒരനുഗ്രഹമാക്കിത്തീർത്തു; തിരുമുഖ പ്രസാദംകൊണ്ടു നീ അവനെ സന്തോഷിപ്പിച്ചു.

7. എന്തെന്നാൽ രാജാവ് കർത്താവിൽ ആശ്രയിക്കുന്നു; അത്യുന്നതൻറെ ക്രുപയുള്ളതുകൊണ്ട് അവൻ ഇളകുകയില്ല.

8. നിൻറെ കൈ നിൻറെ സകല ശത്രുക്കളേയും കണ്ടെത്തും; നിൻറെ വലങ്കൈ നിന്നെ പകെക്കുന്നവരെ കണ്ടുപിടിക്കും.

9. കോപസമയത്ത് നീ അവരെ അഗ്നിച്ചൂളപോലെയാക്കും; കർത്താവ് തൻറെ കോപത്താൽ അവരെ ദഹിപ്പിക്കും.

10 അഗ്നി അവരുടെ ഫലത്തെ ഭൂമിയിൽ നിന്നും അവരുടെ സന്തതിയെ മനുഷ്യരിൽ നിന്നും നശിപ്പിച്ചു കളയും.

11. എന്തെന്നാൽ അവർ നിനക്കു വിരോധമായി ദോഷം ചിന്തിച്ച് ദുരാലോചന നടത്തി; അവർ പ്രപ്തരായുമില്ല.

12. നീ അവരില ഒരടയാളം വയ്ക്കും; നിൻറെ യുദ്ധസന്നദ്ധത അവർക്കെതിരായി നിറുത്തും.

13. കർത്താവേ! നിൻറെ  ശക്തിയാൽ ഉന്നതപ്പെടേണമേ! ഞങ്ങൾ നിൻറെ ശക്തിയെ പാടി സ്തുതിക്കും.


അദ്ധ്യായം 22


1. എൻറെ ദൈവമേ! എൻറെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചതും എന്റെ ഭോഷവചനങ്ങളാൽ എൻറെ രക്ഷയെ എന്നിൽനിന്നും ദൂരത്താക്കിയതും എന്ത്?

2. ദൈവമേ! പകൽസമയത്ത് ഞാൻ നിന്നെ വിളിച്ചു, നീ ഉത്തരമരുളുന്നില്ല. രാത്രിയിൽ വിളിച്ചിട്ടും എനിക്കായി കാത്തിരിക്കുന്നില്ല.

3. നീ പരിശുദ്ധനാകുന്നു, ഇസ്രായേൽ നിന്റെ മഹത്വത്തിൽ ഇരിക്കുന്നു.

4. എൻറെ പിതാക്കന്മാർ നിന്നിൽ ശരണം പ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു; നീ അവരെ രക്ഷിക്കുകയും ചെയ്തു.

5. അവർ നിന്നോട് നിലവിളിച്ചു;  അവർ രക്ഷപെട്ടു; അവർ നിന്നിൽ പ്രത്യാശിച്ചു; അവർ ലജ്ജിച്ചുമില്ല;

6. ഞാൻ പുഴുവാകുന്നു, മനുഷ്യനല്ല;  മനുഷ്യരുടെ നിന്ദയും ജനത്തിന് ത്യാജ്യനുമാകുന്നു.

7. എന്നെ കണ്ടവരൊക്കെയും എന്നെ പരിഹസിച്ചു; അവർ അധരങ്ങൾകൊണ്ടു ഗോഷ്ടി കാണിച്ചു; അവരുടെ തലകുലുക്കി;

8. അവനെ രക്ഷിപ്പാൻ കർത്താവിൽ അവൻ ആശ്രയിച്ചുവല്ലോ; തനിക്കു അവനിൽ ഇഷ്ടമുണ്ടെങ്കിൽ അവനെ വിടുവിച്ച് രക്ഷിക്കട്ടെ (എന്നു പറഞ്ഞു)

9. എന്നാൽ ഗർഭപാത്രം മുതൽ എന്റെ ശരണവും എൻറെ മാതാവിൻറെ മുലകുടിക്കുന്ന കാലം മുതൽ എൻറെ പ്രത്യാശയും നീ ആയിരുന്നുവല്ലോ.

10. ഗർഭ പാത്രത്തിങ്കൽ നിന്ന് ഞാൻ നിങ്കലേക്ക് എൽപ്പിക്കപ്പെട്ടു; എൻറെ മാതാവിൻറെ ഉദരം മുതൽ നീ എൻറെ ദൈവമാകുന്നു.

11. അനർത്ഥം സമീപിച്ചിരിക്കയാലും സഹായകൻ ഇല്ലായ്കയാലും നീ എന്നിൽനിന്ന് വിദൂരമായിരിക്കരുതേ!

12. വളരെ കാളകൾ എന്നെ ചുറ്റി, ബൈശാനിലെ കാട്ടുപോത്തുകൾ എന്നെ വളഞ്ഞു;

13. ഗർജ്ജിച്ചു ചാടിപ്പിടിക്കുന്ന സിംഹംപോലെ അവർ എന്റെ നേരെ അവരുടെ വായ് തുറന്നു;

14. ഞാൻ വെള്ളം പോലെ ഒഴിക്കപപെട്ടു; എൻറെ അസ്ഥികൾ ഒക്കെയും ചിതറി; എന്റെ ഹൃദയം മെഴുകുപോലെയായിത്തീർന്നു; എന്റെ കുടലുകൾ എൻറെ ഉള്ളില അഴുകി.

15. എന്റെ ശക്തി കുശവൻറെ ഓടുപോലെ ഉണങ്ങിപ്പോയി; എന്റെ നാവു എന്റെ അണ്ണാക്കിനോട് പറ്റി;  നീ എന്നെ മരണത്തിൻറെ പൊടിയിലേക്കിട്ടു.

16. എന്തെന്നാൽ നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റി; അവർ എന്റെ കൈകളേയും കാലുകളേയും തുളച്ചു;

17. എന്റെ അസ്ഥികൾ എല്ലാം വിലപിച്ചു; അവർ എന്റെ നേരെ സൂക്ഷിച്ചുനോക്കി.;

18. അവർ എന്റെ വസ്ത്രങ്ങളെ അവരുടെ ഇടയിൽ വിഭജിച്ച് എന്റെ ഉടുപ്പിന്മേൽ ചിട്ടിയിട്ടു.

19. കർത്താവേ! എന്നിൽനിന്നു അകന്നു പോകരുതേ! എൻറെ ദൈവമേ! എൻറെ ദൈവമേ! എൻറെ സഹായത്തിനായി നില്ക്കണമേ!

20. വാളിൽനിന്നു എൻറെ ആത്മാവിനേയും നായ്ക്കളുടെ കയ്യിൽനിന്ന് എൻറെ ദേഹിയേയും വിടുവിക്കണമേ!

21. എന്നെ സിംഹത്തിൻറെ വായിൽനിന്നും, എൻറെ എളിമയെ കാണ്ടാമൃഗക്കൊമ്പിൽനിന്നും രക്ഷിക്കണമേ!

22. എന്തെന്നാൽ ഞാൻ നിൻറെ തിരുനാമത്തെ  എൻറെ സഹോദരന്മാരോടറിയിക്കുവാനും സഭയുടെ മദ്ധ്യേ ഞാൻ നിന്നെ സ്റ്റുതിപ്പാനുമായിത്തന്നെ.

23. കർത്താവിന്റെ ഭക്തന്മാരേ! തന്നെ സ്തുതിപ്പിൻ, യാക്കോബിൻറെ സകല സന്തതിയുമേ! തന്നെ ബഹുമാനിപ്പിൻ; ഇസ്രായേലിൻറെ സകല സന്തതിയുമേ! തന്നെ ഭയപ്പെടുവിൻ;

24. എന്തെന്നാൽ താൻ സാധുവിനറെ നിലവിളിയെ വെറുക്കുകയും, നിരസിക്കുകയും അവനിൽനിന്നു തന്റെ മുഖം തിരിക്കുകയും ചെയ്തിട്ടില്ല. അവൻ തന്നോട് നിലവിളിച്ചപ്പോൾ താൻ അവനെ കേട്ടു.

25. മഹാസഭയിൽ എൻറെ സ്തുതി തിരുമുമ്പാകെ ഞാൻ എൻറെ നേർച്ചകളെ കഴിക്കും.

26. ദരിദ്രന്മാർ ഭക്ഷിച്ചു സമ്പൂർണ്ണരാകും; കർത്താവിനെ അന്വേഷിക്കുന്നവർ തന്നെ സ്തുതിക്കും. അവരുടെ ഹൃദയം എന്നേക്കും ജീവിക്കുകയും ചെയ്യും.

27. ഭൂമിയുടെ അതിർത്തികളെല്ലാം ഓർത്ത് കർത്താവിങ്കലേക്ക് തിരിച്ചു വരും; ജാതികളുടെ സകല വംശങ്ങളും തിരുസന്നിധിയിൽ ആരാധിക്കും.

28. എന്തെന്നാൽ രാജ്യം കർത്താവിനുള്ളതാകുന്നു, താൻ ജാതികളുടെമേൽ അധിപതിയും ആകുന്നു.

29. ഭൂമിയിലെ പട്ടിണിക്കാർ എല്ലാം കർത്താവിന്റെ സന്നിധിയിൽ ഭക്ഷിച്ച് ആരാധിക്കും. പൊടിമണ്ണിലേക്കിറങ്ങുന്നവരെല്ലാം തിരുസന്നിധിയിൽ മുട്ടുകുത്തും; എൻറെ ആത്മാവ് ജീവിക്കുന്നത് തനിക്കായിട്ടാകുന്നു.

30. കർത്താവിനെ സേവിക്കുന്ന സന്തതി പിൻതലമുറയോട് തന്നെ അറിയിക്കും.

31. അവർ വന്നു ജനിപ്പാനുള്ള സന്തതിയോട്, കർത്താവ് ചെയ്യുന്ന തൻറെ നീതിയെ അറിയിക്കും.   


അദ്ധ്യായം  23


1. കർത്താവ് എന്നെ മേയിക്കും, എനിക്കു യാതൊരു മുട്ടും വരുത്തുകയില്ല.

2. താൻ എന്നെ പുഷ്ടിയുള്ള മേച്ചിൽ സ്ഥലങ്ങളിൽ പാർപ്പിക്കും, ശാന്തമായ വെള്ളത്തിങ്കലേക്കു എന്നെ കൊണ്ടുപോകും;

3. തൻറെ തിരുനാമം നിമിത്തം എൻറെ ആത്മാവിനെ തിരിച്ചു നേരുള്ള ഊടുവഴികളിൽ നടത്തി.

4. മരണ നിഴലിൻ താഴ്വരകളിൽ ഞാൻ നടന്നാലും, നീ എന്നോടുകൂടെയുള്ളതുകൊണ്ട് ഞാൻ ഒരു ദോഷത്തെയുംഭയപ്പെടുകയില്ല;  നിന്റെ വടിയും, നിൻറെ കോലും എന്നെ ആശ്വസിപ്പിക്കും.

5. എൻറെ ശത്രുകൾ കാണ്കെ എന്റെ മുമ്പിൽ നീ ഒരു മേശയോരുക്കി; നീ എൻറെ തല തൈലംകൊണ്ടു അഭിഷേകംചെയ്തു, എൻറെ പാനപാത്രം നിറഞ്ഞു കഴിയുന്നു.

6. ഞാൻ കർത്താവിൻറെ ഭവനത്തിൽ ദീർഘനാൾ താമസിപ്പാൻ എൻറെ ആയുഷ്കാലമെല്ലാം നിൻറെ കൃപയുംകരുണയും എന്നെ പിന്തുടരുമാറാകണമേ!


അദ്ധ്യായം 24


1. ഭൂമിയും അതിലെ പരിപൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും  കർത്താവിനുള്ളതാകുന്നു;

2. എന്തെന്നാൽ താൻ അതിൻറെ അടിസ്ഥാനങ്ങളെ സമുദ്രത്തിന്മേൽ സ്ഥാപിച്ചു; നദികളിന്മേൽ അതിനെ ഉറപ്പിച്ചു.

3. കർത്താവിൻറെ പാർവതത്തിലേക്ക് ആർ കരേറും? തൻറെ വിശുദ്ധ പർവതത്തിൽ ആർ  നിൽക്കും?

4. നിഷ്കളങ്ക കൈകളും നിർമ്മല ഹൃദയവുമുള്ളവനും, വ്യാജമായിട്ടു തന്നെക്കൊണ്ടുതന്നെ ആണയിടാത്തവനുംവഞ്ചനയോടെ ആണയിടാത്തവനും തന്നെ;

5. ഇവൻ കർത്താവിൽ നിന്നു വാഴ്വും  നമ്മുടെ രക്ഷകനായ ദൈവത്തിൽനിന്ന് പുണ്യവും സ്വീകരിക്കും.

6. യാക്കോബിൻറെ ദൈവമേ! നിൻറെ തിരുമുഖം അന്വേഷിച്ചു  ആശ്രിക്കുന്ന തലമുറ ഇതാകുന്നു.

7. വാതിലുകളേ നിങ്ങളുടെ തലകൾ ഉയർത്തുവിൻ; എന്നന്നേക്കുമുള്ള കതകുകളേ ഉയരുവിൻ; മഹത്വത്തിൻറെരാജാവ് അകത്തു പ്രവേശിക്കട്ടെ;

8. മഹത്വത്തിൻറെ  ഈ രാജാവ് ആരാകുന്നു?  ബലവും ശക്തിയുമുള്ള കർത്താവ്;  ബലവാനും യുദ്ധശാലിയും ആയകർത്താവ്.

9. വാതിലുകളേ നിങ്ങളുടെ തലകൾ ഉയർത്തുവിൻ; എന്നന്നേക്കുമുള്ള കതകുകളേ ഉയരുവിൻ; മഹത്വത്തിൻറെരാജാവ് അകത്തു പ്രവേശിക്കട്ടെ;

10. മഹത്വത്തിൻറെ  ഈ രാജാവ്, ആരാകുന്നു? സൈന്യങ്ങളുടെ കർത്താവ്, താൻ തന്നെ എന്നേക്കും മഹത്വത്തിൻറെരാജാവാകുന്നു.


അദ്ധ്യായം 25


1. കർത്താവേ! നിങ്കലേക്ക് ഞാൻ എൻറെ ആത്മാവിനെ ഉയർത്തി;

2. എൻറെ ദൈവമേ! ഞാൻ നിന്നിൽ ആശ്രയിച്ചു; ഞാൻ ലജ്ജിക്കരുതേ! എൻറെ ശത്രുക്കൾ എൻറെ നേരെ പ്രശംസിക്കരുതേ!

3. നിന്നിൽ ആശ്രയിക്കുന്ന യാതൊരുവനും ലജ്ജിക്കയില്ല; അധർമ്മികൾ തങ്ങളുടെ വ്യർത്ഥതയാൽ ലജ്ജിക്കും.

4. കർത്താവേ! നിൻറെ വഴികൾ എന്നെ കാണിക്കണമേ!

5. നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; എന്തെനാൽ നീ എൻറെ ദൈവവും എൻറെ രക്ഷകനും ആകുന്നു;  ഞാൻ നിത്യവും നിനക്കായി പ്രതീക്ഷിച്ചിരുന്നു;

6. കർത്താവേ! നിൻറെ പൂർവ കരുണയെയും നിൻറെ കൃപകളേയും ഓർക്കണമേ;

7. എൻറെ ബാല്യകുറ്റങ്ങളെ എന്നോട് ഓർക്കരുതേ! ദൈവമേ! നിൻറെ കൃപ നിമിത്തം നിൻറെ ബഹുലമായ കരുണക്കനുസരണം എന്നെ ഓർക്കണമേ;

8. കർത്താവ് നല്ലവനും നേരുള്ളവനും ആകുന്നു; ഇതുനിമിത്തം താൻ പാപികളെ നേർവഴിയിൽ നടത്തുന്നു;

9. താൻ സൌമ്യതയുള്ളവരെ പ്രമാണപ്രകാരം നടത്തും; സാധുക്കളെ തൻറെ വഴി പഠിപ്പിക്കും.

10. കര്താവിൻറെ നിയമവും തൻറെ സാക്ഷ്യങ്ങളും ആചരിക്കുന്നവർക്ക് കർത്താവിൻറെ വഴിയെല്ലാം കൃപയും സത്യവുമാകുന്നു.

11. കർത്താവേ! നിൻറെ തിരുനാമം നിമിത്തം എൻറെ അനീതിയിൽനിന്നു എന്നെ നീതീകരിക്കേണമേ! എന്തെന്നാൽ അതു വലിയതാകുന്നു;

12. കർത്താവിനെ ഭയപ്പെടുന്ന മനുഷ്യന് താൻ തിരഞ്ഞെടുത്ത വഴി താൻ അവനെ പഠിപ്പിക്കും.

13. അവൻറെ ആത്മാവ് കൃപയാൽ സുഖമായി വസിക്കും; അവൻറെ സന്തതി ഭൂമിയെ അവകാശമാക്കും;

14. കർത്താവിന്റെ കരുതൽ തൻറെ ഭക്തന്മാരുടെ മേലുണ്ട്; താൻ തന്റെ നിയമം അവരോട് അറിയിച്ചു.

15. എൻറെ കണ്ണുകൾ എപ്പോഴും  കർത്താവിങ്കൽ ആകുന്നു; എന്താന്നാൽ താൻ എൻറെ കാലുകളെ വയലിൽനിന്നു പുറത്താക്കും.

16. എങ്കലേക്കു തിരിഞ്ഞു എന്നെ അനുഗ്രഹിക്കേണമേ; എന്തെന്നാൽ ഞാൻ ഏകാകിയും എളിയവനുമാകുന്നു.

17. എൻറെ ഹൃദയ ദുഃഖങ്ങൾ വളരെയാകുന്നു;  എൻറെ ആവലാതികളിൽ നിന്ന് എന്നെ ഒഴിവാക്കണമേ!

18. എൻറെ അടിമത്വവും എൻറെ അധ്വാനവും നീ കണ്ട്  എൻറെ സർവപാപങ്ങളും എന്നോട് ക്ഷമിക്കേണമേ!

19. എൻറെ ശത്രുക്കൾ  വർദ്ധിച്ചത് കാണണമേ! അവർ അനീതിയായ പകയോടുകൂടി എന്നെ നിന്ദിച്ചു.

20. ഞാൻ നിന്നില ആശ്രയിച്ചിരിക്കകൊണ്ടു എൻറെ ആത്മാവിനെ കാത്ത് എന്നെ രക്ഷിക്കണമേ!

21. ഞാൻ നിന്നെനോക്കി പാർത്തതുകൊണ്ട് പരമാർത്ഥികളും നേരുള്ളവരും എന്നോട് ചേർന്നു.

22. ദൈവം ഇസ്രായേലിനെ അവനെ ഉപദ്രവിക്കുന്ന എല്ലാവരിൽനിന്നും രക്ഷിച്ചു.


അദ്ധ്യായം 26  


1. കർത്താവേ! എനിക്കു വേണ്ടി ന്യായം നടത്തണമേ! എന്തെന്നാൽ ഞാൻ എൻറെ പരമാർത്ഥതയിൽനടന്നിരിക്കുന്നു; ഞാൻ കർത്താവിൽ ആശ്രയിച്ചു, ഞാൻ ഇളകുകയില്ല.

2. കർത്താവേ! എന്നെ ശോധനചെയ്ത് എന്നെ പരീക്ഷിക്കേണമേ! എൻറെ അന്തരീന്ദ്രിയങ്ങളെയും എൻറെഹൃദയത്തേയും പരിശോധിക്കണമേ!

3. എന്തെന്നാൽ നിൻറെ കരുണ എൻറെ കണ്മുന്നിലുണ്ട്; ഞാൻ വിശ്വാസത്തോടെ നടന്നു;

4. ഞാൻ ദുഷ്ടന്മാരോടുകൂടെയിരുന്നില്ല. ഭോഷന്മാരോടുകൂടെ സംസർഗ്ഗം ചെയ്തുമില്ല.

5. ഞാൻ ദുഷ്ടന്മാരുടെ സമൂഹത്തെ വെറുത്തു, പാതകന്മാരോടുകൂടെ ഇരുന്നുമില്ല.

6. കർത്താവേ! ഞാൻ എൻറെ കൈകൾ വെടിപ്പായി കഴുകി; ഞാൻ നിന്റെ ബലിപീഠത്തിന്പ്രദക്ഷിണം ചെയ്തു.

7. അതു നിൻറെ മഹത്വത്തിൽ ശബ്ദം കേൾപ്പിക്കാനും നിൻറെ എല്ലാ അത്ഭുതങ്ങളെയും വർണിപ്പാനും ആകുന്നു.

8. കർത്താവേ! ഞാൻ നിൻറെ ആലയ ശുശ്രൂഷയെയും നിൻറെ മഹത്വത്തിൻ വാസസ്ഥലത്തേയും സ്നേഹിച്ചു.

9. പാപികളോടു കൂടെ എന്നെയും; രക്തപ്രീയരോടുകൂടെ എൻറെ ജീവനേയും നശിപ്പിച്ചു കളയരുതേ!

10. എന്തെന്നാൽ അവരുടെ കൈകളിൽ വഞ്ചനയുണ്ട്, അവരുടെ വലങ്കൈ കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.

11. എന്നാൽ ഞാൻ എൻറെ പരമാർത്ഥതയോടെ നടന്നു; എന്നെ രക്ഷിച്ചു എന്നോട് കരുണ ചെയ്യണമേ.

12.  ഞാൻ സത്യത്തിൽ കാലുറപ്പിച്ചു , ഞാൻ സഭയിൽ കർത്താവിനെ സ്തോത്രം ചെയ്യും.


അദ്ധ്യായം 27


1. കർത്താവ് എൻറെ പ്രകാശവും എൻറെ രക്ഷയുമാകുന്നു; ഞാൻ ആരെ ഭയപ്പെടും? കർത്താവ് എന്റെ ജീവൻറെബലമാകുന്നു, ആരെന്നെ ഭയപ്പെടുത്തും;

2. എൻറെ ശത്രുക്കളും എന്നെ വെരുക്കുന്നവരുമായ ദുഷ്ടന്മാർ എൻറെ മാംസം ഭക്ഷിപ്പാൻ എങ്കലേക്കു അടുത്തപ്പോൾഅവർ ഒരുമിച്ചു മറിഞ്ഞു വീണുപോയി;

3. ഒരു സൈന്യം എനിക്കുവിരോധമായി പാളയമടിച്ചാലും എൻറെ ഹൃദയം ഭയപ്പെടുകയില്ല; എന്റെ നേരെയുദ്ധമുണ്ടായാലും ഞാൻ ധൈര്യമായിരിക്കും.

4. ഞാൻ കർത്താവിനോടൊരു കാര്യം യാചിച്ചു;  ഞാൻ അന്വേഷിക്കുന്നതും അതു തന്നെയാകുന്നു; എൻറെആയുഷ്ക്കാലമൊക്കെയും ഞാൻ കർത്താവിന്റെ ഭവനത്തിൽ വസിച്ച്, കർത്താവിന്റെ സൌന്ദര്യത്തെ കണ്ട് തൻറെആലയകാര്യം ക്രമീകരിക്കണമെന്നുള്ളതാകുന്നു.

5. എന്തെന്നാൽ അനർഥനാളിൽ തൻറെ പാർശ്വത്തിൽ താൻ എന്നെ ഒളിപ്പിച്ച് തൻറെ കൂടാരത്തിൻറെ നിഴലിൽ എന്നെമറയ്ക്കും; പാറമേൽ എന്നെ ഉയർത്തുകയും ചെയ്യും.

6. ഇനിമേൽ എന്നെ ചുറ്റിയിരിക്കുന്ന എൻറെ ശത്രുക്കളുടെ നേരേ എൻറെ ശിരസ്സ് ഉയർത്തപ്പെടും; തൻറെ കൂടാരത്തിൽഞാൻ മഹത്വബലികൾ അർപ്പിച്ചു കർത്താവിനെ സ്തുതിച്ചു പാടും.

7. കർത്താവേ! ഞാൻ നിന്നെ വിളിക്കുമ്പോൾ നീ എൻറെ ശബ്ദം കേട്ട്, എന്നെ അനുഗ്രഹിച്ച് എന്നോട് കരുണചെയ്ത്എന്നോട് ഉത്തരമരുളണമേ!

8. എൻറെ ഹൃദയം നിന്നെക്കുറിച്ച് സംസാരിക്കുകയും എന്റെ മുഖം തിരുമുഖത്തെ അന്വേഷിക്കുകയും ചെയ്യുന്നു.

9. കർത്താവേ! തിരുമുഖം എന്നിൽനിന്നു തിരിച്ചു കളയരുതെ! നിൻറെ ദാസനെ ക്രോധത്തോടെ ഞെരുക്കുകയുംഅരുതേ;  കർത്താവേ! നീ എനിക്ക് സഹായിയായിരിക്കണമേ! എന്റെ ദൈവമേ, എൻറെ രക്ഷകനെ നീ എന്നെത്യജിക്കുകയും ഉപേക്ഷിക്കുകയും അരുതെ!

10. എന്തെന്നാൽ എൻറെ പിതാവും എൻറെ മാതാവും എന്നെ ഉപേക്ഷിച്ചിട്ടും കർത്താവ് എന്നെ സ്വീകരിച്ചു.

11. കർത്താവേ! നിന്റെ വഴി എന്നെ പഠിപ്പിച്ച്  നിന്റെ നേരായ പാതകളിൽക്കൂടി  എന്നെ നടത്തണമേ.

12. എൻറെ ശത്രുക്കൾക്ക് എന്നെ നീ എല്പ്പിക്കരുതേ! എന്തെന്നാൽ കള്ളസാക്ഷികൾ എനിക്കുവിരോധമായിഎഴുന്നെറ്റു  അസത്യം സംസാരിച്ചു.

13. ജീവനുള്ളവരുടെ ദേശത്ത് കർത്താവിൻറെ നന്മകളെക്കാണുമെന്നു ഞാൻ വിശ്വസിച്ചു.

14. നിങ്ങൾ കർത്താവിൽ ആശ്രയിപ്പിൻ; നിങ്ങളുടെഹൃദയം ശക്തിപ്പെടും; അതെ കർത്താവിൽ ആശ്രയിപ്പിൻ;  


അദ്ധ്യായം 28


1. കർത്താവേ! നിന്നെ ഞാൻ വിളിച്ചു; എൻറെ ദൈവമേ നീ എന്നോട് മൌനമായിരിക്കരുതേ. നീ എന്നോട് മൌനമായിരുന്നാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഞാൻ ചേർന്നുപോകും.

2. ഞാൻ നിന്നെ നോക്കി നിലവിളിക്കുമ്പോഴും ഞാൻ എന്റെ കൈകൾ വിശുദ്ധ ആലയത്തിലേക്ക് ഉയർത്തുമ്പോഴും എൻറെ അപേക്ഷയുടെ ശബ്ദം കേൾക്കേണമേ.

3. ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടുംകൂടെ എന്നെ ഗണിക്കരുതേ; എന്തെന്നാൽ അവർ തങ്ങളുടെ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു. അവരുടെ ഹൃദയത്തിലോ ദുഷ്ടതയും.

4. അവരുടെ കീയകൾക്കുമനുസൃതമായും അവരുടെ തിന്മക്കൊത്തതുപോലെയുംനീ അവരോട് പ്രതികാരം ചെയ്യണമേ!

5. അവർ കർത്താവിന്റെ ക്രീയകളെയും തൻറെ കൈവേലയേയും തിരിച്ചറിയായ്കകൊണ്ട് താൻ അവരെ മറിച്ചിടും; അവരെ പണിയുകയില്ല;

6. എൻറെ അപേക്ഷയുടെ ശബ്ദം കേട്ട കർത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു;

7. കർത്താവ് എന്റെ സഹായകനും എനിക്ക് തുണയേകുന്നവനും ആകുന്നു; എന്റെ ഹൃദയം തന്നിൽ ആശ്രയിച്ചതുകൊണ്ട് എൻറെ ജഡം പുഷ്ടിയുള്ളതായി; ഞാൻ കീർത്തനങ്ങളോടുകൂടെ തന്നെ സ്തോത്രം ചെയ്യും.

8. കർത്താവ് തന്റെ ജനത്തിൻറെ ബലവും തൻറെ അഭിഷിക്തൻറെ സഹായകനും രക്ഷകനും ആകുന്നു.

9. നീ നിൻറെ ജനത്തെ രക്ഷിച്ച് നിൻറെ അവകാശത്തെ അനുഗ്രഹിക്കേണമേ; എന്നേക്കും നീ അവരെ മേയിച്ചു ഭരിക്കുകയും ചെയ്യേണമേ!


അദ്ധ്യായം 29

കർത്താവിനു മുട്ടാടുകളെ കൊണ്ടുവരുവിൻ. കർത്താവിനു സ്തുതിയും ബഹുമാനവും കൊണ്ടുവരുവിൻ.

2. കർത്താവിനു തൻറെ തിരുന്നാമത്തിന് തക്കബഹുമാനം കൊണ്ടുവന്ന് തൻറെ വിശുദ്ധ പ്രാകാരത്തിൽ കർത്താവിനെ ആരാധിപ്പിൻ;

3. കർത്താവിൻറെ ശബ്ദം വെള്ളങ്ങളുടെ മേൽ ഉണ്ട്; സ്തുത്യനായ ദൈവം ഇടിമുഴക്കി; കർത്താവ് ഏറിയ വെള്ളങ്ങളുടെ മേൽ ഉണ്ട്.

4. കർത്താവിൻറെ ശബ്ദം ശക്തിയോടു കൂടിയതാകുന്നു; കർത്താവിൻറെ ശബ്ദം  മഹത്വത്തോടുകൂടിയതാകുന്നു.

5. കർത്താവിൻറെ ശബ്ദം കാരകിലുകളെ ഓടിക്കുന്നു; കർത്താവ് ലബാനോനിലെ കാരകിലുകളെ തകർത്തു.

6. താൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനിനെയും സോനീറിനെയും കണ്ടാമൃഗകുട്ടികളെപ്പോലെയും തുള്ളിച്ചു.

7. കർത്താവിൻറെ ശബ്ദം അഗ്നിജ്വാലയെ പിളർക്കുന്നു.

8. കർത്താവിൻറെ ശബ്ദം മരുഭൂമിയെ ഇളക്കുന്നു; കർത്താവ് കാദേശ് വനത്തെ ഇളക്കുന്നു;

9. കർത്താവിൻറെ ശബ്ദം  മാൻപേടകളെ ഇളക്കി കാടുകളെ പറിക്കുന്നു. എല്ലാവരും തൻറെ ആലയത്തിൽ സ്തുതി പാടുകയും ചെയ്യുന്നു.

10. കർത്താവ് ജലപ്രളയത്തെ തിരിച്ചു കളഞ്ഞു; കർത്താവ് എന്നേക്കും രാജാവായിരിക്കുന്നു;

11. കർത്താവ് തൻറെ ജനത്തിന് ശക്തി നൽകും; കർത്താവ് സമാധാനത്തോടുകൂടെ തന്റെ ജനത്തെ അനുഗ്രഹിക്കും.


അദ്ധ്യായം 30

1. കർത്താവേ!  നീ എന്നെ ഉയർത്തിയത്കൊണ്ടും, എൻറെ ശത്രുക്കളെ എൻറെ നേരെ സന്തോഷിപ്പിക്കാതിരുന്നതുകൊണ്ടും, നിന്നെ ഞാൻ പുകഴ്ത്തും.

2. എൻറെ ദൈവമായ കർത്താവേ! ഞാൻ നിന്നോട് അപേക്ഷിച്ചു; നീ എന്നെ സുഖപ്പെടുത്തി;

3. നീ എൻറെ ആത്മാവിനെ പാതാളത്തിൽനിന്നു കരേറ്റി; കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ആകാതവണ്ണം നീ എന്നെ ജീവനോടെ കാത്തുപാലിച്ചു.

4. തൻറെ തിരഞ്ഞെടുക്കപ്പെട്ടവരേ, നിങ്ങൾ കർത്താവിനു പാടി തൻറെ വിശുദ്ധിയുടെ ഓർമ്മക്കായിട്ടു  സ്തോത്രം ചെയ്വിൻ.

5. എന്തെന്നാൽ തന്റെ കോപത്തിൽ ശാസനയും തൻറെ പ്രസാദത്തിൽ ജീവനും ഉണ്ട്; സന്ധ്യമുതൽ കരച്ചിൽ ഉണ്ടായാലും പ്രഭാതം മുതൽ സന്തോഷം വരും.

6. ഒരുനാളും ഞാൻ ഇളകുകയില്ല എന്ന് എൻറെ സുഖാവസ്ഥയിൽ ഞാൻ പറഞ്ഞു.

7. ദൈവമേ! നിൻറെ പ്രസാദത്താൽ എന്റെ മഹത്വത്തിനു നീ ശക്തി കൽപ്പിച്ചരുളി; നിന്റെ തിരുമുഖം തിരിച്ചു; ഞാൻ ഭ്രമിച്ചു പോയി.

8. കർത്താവേ! ഞാൻ നിന്നെ വിളിച്ചു, എൻറെ കർത്താവേ! ഞാൻ നിന്നോടപേക്ഷിച്ചു;

9. ഞാൻ നാശത്തിലേക്കിറങ്ങിപ്പോയാൽ എൻറെ രക്തംകൊണ്ടെന്തു പ്രയോജനമുള്ളൂ? മണ്ണു നിന്നെ സ്തോത്രം ചെയ്കയില്ല; അതു നിൻറെ വിശ്വാസം അറിയിക്കുകയും ഇല്ലല്ലോ;

10. ദൈവമേ! കേൾക്കണമേ! എന്നോടു കരുണ ചെയ്യണമേ! കർത്താവേ! നീ എനിക്കു സഹായകനായിരിക്കണമേ!

11. എന്തെന്നാൽ നീ എൻറെ വിലാപങ്ങളെ സന്തോഷമാക്കിത്തീർത്തു; നീ എൻറെ കരിമ്പടത്തെ അഴിച്ചു നീ എന്നെ സന്തോഷം ധരിപ്പിച്ചു;

12. ഇതു നിമിത്തമായിട്ട് ഞാൻ നിനക്കു സ്തുതിപാടും; ഞാൻ മൌനമായിരിക്കയില്ല; എൻറെ ദൈവമായ കർത്താവേ! ഞാൻ എന്നേക്കും നിന്നെ സ്തോത്രം ചെയ്യും.


അദ്ധ്യായം 31

1. കർത്താവേ! ഞാൻ നിന്നിൽ ആശ്രയിച്ചു; ഞാൻ ഒരിക്കലും ലജ്ജിക്കരുതേ! നിൻറെ നീതിയാൽ എന്നെ രക്ഷിക്കണമെ!

2. നിൻറെ ചെവി എൻറെ അടുക്കലേക്ക് ചായിച്ച് വേഗത്തിൽ എന്നോടുത്തരമരുളണമേ! ദൈവമേ! നീ എനിക്ക് സഹായകനും സങ്കേതവുമായിത്തീർന്നു എന്നെ രക്ഷിക്കണമേ!

3. കർത്താവേ  നീ എൻറെ ബലവും എൻറെ സങ്കേതവും ആകകൊണ്ട് തിരുനാമം നിമിത്തം എന്നെ ആശ്വസിപ്പിക്കണമേ!

4. നീ എൻറെ സഹായകനാകകൊണ്ട് അവർ എനിക്കായി വച്ചിട്ടുള്ള കെണിയിൽനിന്ന് എന്നെ പുറത്താക്കണമേ!

5. നീതിയുള്ള ദൈവമായ കർത്താവേ! ഞാൻ എൻറെ ആത്മാവിനെ നിങ്കൽ സമർപ്പിച്ചു. നീ എന്നെ രക്ഷിക്കുകയും ചെയ്തു.

6. വ്യർഥമൂർത്തികളെ ആരാധിക്കുന്നവരെ നീ വെറുത്തു; കർത്താവേ! ഞാൻ നിന്നിൽ ആശ്രയിച്ചു;

7. ഞാൻ നിൻറെ കൃപയിൽ സന്തോഷിച്ചു ആനന്ദിക്കും; എന്തെന്നാൽ നീ എൻറെ ക്ഷീണാവസ്ഥയെ കണ്ട് എൻറെ സ്വന്ത ഞെരുക്കത്തെ  ഗ്രഹിച്ചിരിക്കുന്നു;

8. നീ എൻറെ ശത്രുകളുടെ കയ്യിൽ എന്നെ ഏൽപ്പിച്ചില്ല. എൻറെ കാലുകളെ ആശ്വാസ സ്ഥലത്തു നിറുത്തി;

9. കർത്താവേ! എനിക്ക് ദുഃഖമായിരിക്കകൊണ്ടു  എന്നോടു കരുണ ചെയ്യണമേ! വ്യസനം നിമിത്തം എൻറെ കണ്ണും എൻറെ ആത്മാവും എന്റെ ഉദരവും കലങ്ങിയിരികുന്നു;

10. എന്തെന്നാൽ എൻറെ ആയുസ്സ് അരിഷ്ടതയിലും എൻറെ സംവത്സരങ്ങൾ നെടുവീർപ്പുകളിലും കഴിച്ചു കൂട്ടി; ദാരിദ്രത്താൽ എൻറെ ശക്തി ക്ഷയിക്കുകയും ചെയ്തു.

11. എൻറെ സർവ ശത്രുക്കളും നിമിത്തം എൻറെ അസ്ഥികൾ ക്ഷയിച്ചു; ഞാൻ എൻറെ അയൽക്കാർക്ക് നിന്ദയും എന്നെ അറിയുന്നവർക്കു ഭീതിയും ആയിത്തീർന്നു. തെരുവീഥിയിൽ എന്നെ കാണുന്നവർ എന്നിൽനിന്ന് അറച്ചുമാറി നിന്നു;

12. മരിച്ചവൻ എന്നപോലെ ഹൃദയത്തിൽനിന്ന് എന്നെ മറന്നുകളഞ്ഞു; ഞാൻ ഉടഞ്ഞ പാത്രംപോലെ ആയിത്തീർന്നു;

13. എനിക്കു വിരോധമായി ഒരുമിച്ച് ആലോചിച്ച് എൻറെ ജീവനെ എടുത്തുകളയുവാൻ വിചാരിച്ച അനേകരുടേയും ഉദ്ദേശം ഞാൻ കേട്ടറിഞ്ഞു;

14. കർത്താവേ! ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവമെന്ന് ഞാൻ പറഞ്ഞു;

15. എൻറെ സമയങ്ങൾ തൃക്കൈകളിൽ ഇരിക്കുന്നു , എൻറെ ശത്രുക്കളിൽനിന്നും എന്നെ പീഠിപ്പിക്കുന്നവരിൽനിന്നും എന്നെ വിടുവിക്കേണമേ!

16. നിന്റെ ദാസൻറെ നേരെ തിരുമുഖം പ്രകാശിപ്പിച്ചു നിൻറെ കൃപയാൽ എന്നെ രക്ഷിക്കണമേ!

17. കർത്താവേ! ഞാൻ നിന്നെ വിളിച്ചതുകൊണ്ട് ഞാൻ ലജ്ജിക്കയില്ല; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിലേക്കിറങ്ങിപ്പോകും.

18. നീതിമാന് വിരോധമായി വ്യാജവും ആക്ഷേപവും സംസാരിക്കുന്ന അധർമ്മികളുടെ അധരങ്ങൾ അടഞ്ഞുപോകും.

19. മനുഷ്യരുടെ മുമ്പാകെ നിന്നിൽ ആശ്രയിക്കുന്ന നിൻറെ ഭക്തന്മാക്ക് നീ സംഗ്രഹിച്ചിരിക്കുന്ന നിൻറെ കൃപകൾ എത്ര ബഹുലമാകുന്നു!

20. മനുഷ്യരുടെ കലഹത്തിൽനിന്നു തിരുമുഖത്തിൻറെ  മറവിൽ നീ അവരെ മറയ്ക്കും; തർക്കത്തിൽനിന്ന് നിൻറെ നിഴലിൽ അവരെ ഒളിപ്പിക്കുകയും ചെയ്യും.

21. ബലമുള്ള നഗരത്തിൽ ഉത്തമന്മാരെ തനിക്കായി തിരഞ്ഞെടുത്തിട്ടുള്ള കർത്താവ് വാഴ്ത്തപ്പെട്ടവൻ.

22. തൃക്കണ്ണുകളുടെ മുമ്പിൽനിന്ന് ഞാൻ നശിച്ചുപോയി എന്ന് എൻറെ പരിഭ്രമം കൊണ്ട് ഞാൻ പറഞ്ഞു; ഞാൻ നിന്നെ വിളിച്ചപ്പോൾ നീ എൻറെ അപേക്ഷയുടെ ശബ്ദം കേട്ടു;

23. കർത്താവിൻറെ വിശുദ്ധന്മാരെ! കർത്താവിനെ സ്നേഹിപ്പിൻ; കർത്താവ് വിശ്വാസികളെ കാത്തുകൊള്ളുകയും അന്യായക്കാരോട് അവരുടെ പ്രവർത്തിക്കു തക്കവണ്ണം പ്രതികാരം ചെയ്കയും ചെയ്യുന്നു.

24. കർത്താവിൽ ആശ്രയിക്കുന്ന ഏവരുമേ!  ധൈര്യപ്പെടുവിൻ, നിങ്ങളുടെ ഹൃദയം ബലപ്പെടട്ടെ!


അദ്ധ്യായം 32

1. അനീതി ക്ഷമിച്ചും പാപങ്ങൾ മറച്ചും കിട്ടിയവൻ ഭാഗ്യവാൻ;

2. കർത്താവ് പാപം കണക്കിടാതെയും, ഹൃദയത്തിൽ വഞ്ചന ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

3. ഞാൻ നിത്യവും ഞരങ്ങിക്കൊണ്ട് മൌനമായിരുന്നതിനാൽ എൻറെ അസ്ഥികൾ ക്ഷയിച്ചുപോയി.

4. എന്തെന്നാൽ രാവും പകലും തൃക്കൈ എൻറെ മേൽ ഭാരമായിരുന്നു;  എന്നെ കൊല്ലത്തക്ക വേദന എൻറെ നെഞ്ചിൽ ഉണ്ടാകുകയും ചെയ്തു.

5. ഞാൻ എൻറെ പാപങ്ങളെ നിന്നോടറിയിച്ചു; എൻറെ അകൃത്യങ്ങളെ നിന്നിൽനിന്നു മറച്ചുവച്ചുമില്ല. എൻറെ അകൃത്യങ്ങളെ കർത്താവിനോട് ഏറ്റുപറയുമെന്നും അപ്പോൾ എൻറെ പാപമെല്ലാം നീ എന്നോട് ക്ഷമിക്കുമെന്നും ഞാൻ പറഞ്ഞു;

6. ആയതുകൊണ്ട് നീ തിരഞ്ഞെടുത്തിട്ടുള്ളവനെല്ലാം അങ്ങീകാരകാലത്ത് നിന്നോട് പ്രാർത്ഥിക്കും. പെരുവെള്ളത്തിന്റെ ഉഗ്രത അവങ്കലേക്കടുക്കുകയില്ല.

7. നീ എന്നെ മറച്ചുകൊള്ളേണമേ! എൻറെ ശത്രുക്കളിൽനിന്ന് നീ എന്നെ കാത്തുകൊള്ളണമേ! ഞാൻ നിന്നെ തിരിച്ചറിയേണ്ടതിനു മഹത്വവും രക്ഷയും എന്റെ ചുറ്റും നിറുത്തണമേ!

8. "നീ നടക്കേണ്ടുന്ന വഴി ഞാൻ നിന്നെ അറിയിക്കും; നിൻറെ മേൽ ഞാൻ ദൃഷ്ടി വയ്ക്കുകയും ചെയ്യും;

9. ചെരുപ്പ മുതൽ കടിഞ്ഞാൻ കൊണ്ട് കീഴ്പ്പെടുത്തിയിട്ടും സ്വാധീനപ്പെടാതിരിക്കുന്ന ബുദ്ധിയില്ലാത്ത കുതിരയെപ്പോലെയും കോവർകഴുതയെപ്പോലെയും നിങ്ങൾ ആയിരിക്കരുത്."

10 ദുഷ്ടൻറെ വേദനകള വളരെയാകുന്നു; കർത്താവിൽ ആശ്രയിക്കുന്നവനെ കൃപ ചുറ്റിക്കൊള്ളും;

11. നീതിമാന്മാരെ കർത്താവിൽ സന്തോഷിച്ചാനന്ദിപ്പിൻ, ഹൃദയപരമാർത്ഥികൾ എല്ലാവരുമേ! തന്നെ സ്തുതിപ്പിൻ;


അദ്ധ്യായം 33


1. പുണ്യവാന്മാരേ കർത്താവിനെ സ്തുതിപ്പിൻ; സ്തുതിക്കുന്നത് സത്യവാന്മാർക്ക് ഉചിതമല്ലോ;

2. വീണകൊണ്ടു അവനെ സ്തുതിപ്പിൻ; പത്തുകമ്പിയുള്ള തംബുരുകൊണ്ട് തനിക്കു പാടുവിൻ;

3  തനിക്കൊരു പുതിയ പാട്ട് പാടുവിൻ; മാധുര്യ സ്വരത്തിൽ പാടുവിൻ;

4. എന്തെന്നാൽ കർത്താവിന്റെ വചനം നേരുള്ളതാകുന്നു; തൻറെ സകലക്രീയകളും വിശ്വസ്തയോട് കൂടിയവയാകുന്നു.

5. താൻ പുണ്യവും ന്യായവും സ്നേഹിക്കുന്നു; ഭൂമി കർത്താവിൻറെ കൃപകൊണ്ട് നിറഞ്ഞിരിക്കുന്നു;

6. കർത്താവിൻറെ വചനത്താൽ ആകാശവും, തൻറെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യങ്ങളും ഉണ്ടാക്കപ്പെട്ടു.

7. താൻ സമുദ്രത്തിലെ വെള്ളത്തെ തോൽക്കുടങ്ങളിൽ എന്നപോലെ കൂട്ടി, ആഴികളെ ഭണ്ടാരങ്ങളിൽ സൂക്ഷിച്ചു.  

8. സകല ഭൂമിയും കർത്താവിനെ ഭയപ്പെടട്ടെ; ഭൂതല നിവാസികളെല്ലാവരും തിരുസന്നിധിയിൽ ഭ്രമിക്കട്ടെ.

9. എന്തെന്നാൽ താൻ അരുളിച്ചെയ്തു; അവ ഉണ്ടായി; താൻ കൽപ്പിച്ചു സ്ഥിരപ്പെടുത്തുകയും ചെയ്തു.

10. കർത്താവു ജാതികളുടെ ആലോചനയെ അബദ്ധമാക്കും; കർത്താവ് ജാതികളുടെ വിചാരങ്ങളെ നിഷ്ഫലമാക്കും.

11. കർത്താവിൻറെ ആലോചന ശാശ്വതമായും തൻറെ ഹൃദയ വിചാരങ്ങൾ തലമുറ തലമുറയായും നിലനില്ക്കും.

12. കർത്താവ് ദൈവമായിരിക്കുന്ന ജനത്തിനു താൻ തനിക്കവകാശമായി തെരഞ്ഞെടുത്ത ജനത്തിനു തന്നെ ഭാഗ്യം.

13. കർത്താവു ആകാശത്തിൽനിന്നു സൂക്ഷിച്ചു നോക്കി സകല മനുഷ്യരേയും കണ്ടു;

14. തൻറെ വസസ്ഥലത്തുനിന്നു സർവ ഭൂവാസികളെയും കണ്ടു.

15. എന്തെന്നാൽ താൻ അവരുടെ ഹൃദയത്തെ ഒരുപോലെ മനഞ്ഞുണ്ടാക്കി; അവരുടെ പ്രവർത്തികളെയെല്ലാം പരിശോധിക്കുന്നു;

16. രാജാവ് സൈന്യ ബഹുത്വത്താൽ രക്ഷപെടുകയില്ല; ബലവാൻ തൻറെ ബാലാധിക്യത്താൽ വിടുവിക്കപ്പെടുകയുമില്ല;

17. ജയത്തിന് കുതിര വ്യർത്ഥമാകുന്നു; എന്തെന്നാൽ അതിൻറെ ബാലാധിക്യത്താൽ അതിന്മേൽ ആരൂഢനായവനെ അതു രക്ഷിക്കയില്ല.

18. കർത്താവിൻറെ കണ്ണുകൾ തൻറെ കൃപക്കായി കാംക്ഷിക്കുന്ന പുണ്യവാന്മാരുടെ മേൽ ഉണ്ട്;

19. മരണത്തിൽ നിന്നു അവരുടെ ആത്മാവിനെ രക്ഷിപ്പാനും, ക്ഷാമത്തിൽ അവരെ ജീവപ്പിപ്പാനുമായിട്ടുതന്നെ;

20. എന്നാൽ നമ്മുടെ ആത്മാവ് കർത്താവിനെ കാത്തിരുന്നു; താൻ നമുക്ക് തുണ ചെയ്യുന്നവനും നമ്മെ സഹായിക്കുന്നവനും ആകുന്നു;

21. തൻറെ പരിശുദ്ധ തിരുനാമത്തിൽ നാം ആശ്രയിച്ചത്കൊണ്ട് നമ്മുടെ ഹൃദയം തന്നിൽ സന്തോഷിക്കും.

22. കർത്താവേ! ഞങ്ങൾ നിനക്കായി കാത്തിരുന്നതു പോലെ നിൻറെ കൃപ ഞങ്ങളുടെമേൽ ഉണ്ടായിരിക്കേണമേ.


അദ്ധ്യായം 34


1. ഞാൻ കർത്താവിനെ എപ്പോഴും വാഴ്ത്തും; തന്റെ സ്തുതികൾ എല്ലാ സമയവും എന്റെ വായിൽ ഉണ്ടായിരിക്കും;

2. എന്റെ ആത്മാവു കർത്താവിൽ പ്രശംസിക്കും; ദരിദ്രന്മാർ കേട്ടു സന്തോഷിക്കുകയും ചെയ്യും.

3. എന്നോടുകൂടെ കർത്താവിനെ പുകഴ്ത്തുവിൻ; നാം ഒരുമിച്ച് തന്റെ തിരുനാമത്തെ ഉയർത്തണം.

4. ഞാൻ കർത്താവിനോടപേക്ഷിച്ചു; താൻ എന്നോടുത്തരമരുളി; എന്റെ സർവ ഞെരുക്കങ്ങളിൽനിന്നും താൻ എന്നെ രക്ഷിച്ചു.

5. നിങ്ങൾ തങ്കലേക്ക് നോക്കി തന്നിൽ ആശ്രയിപ്പിൻ; നിങ്ങളുടെ മുഖങ്ങൾ ലജ്ജിക്കയില്ല;

6. ഈ ദരിദ്രൻ തന്നെ വിളിച്ചിട്ട് താൻ അവനെ ചെവിക്കൊണ്ട്; അവന്റെ സകല ഞെരുക്കങ്ങളിൽനിന്നും അവനെ രക്ഷിച്ചു;

7. കർത്താവിന്റെ മാലാഖമാരുടെ സൈന്യം തൻറെ ഭക്തന്മാരെ ചുറ്റിയിരിക്കുന്നു; താൻ അവരെ രക്ഷിക്കും;

8. കർത്താവ് നല്ലവനാകുന്നുവോ എന്നു രുചിച്ചു നോക്കുവിൻ; തന്നിൽ ആശ്രയിച്ചിരിക്കുന്ന എല്ലാവർക്കും ഭാഗ്യം.

9. സമ്പന്നന്മാർ ദരിദ്രരായി പട്ടിണി കിടക്കുന്നു;

10 കർത്താവിനെ അന്വേഷിക്കുന്നവർക്ക് നന്മക്ക് കുറവ് വരികയില്ല.

11. മക്കളെ! വന്നു എന്നെ ശ്രദ്ധിപ്പിൻ; ഞാൻ നിങ്ങളെ ദൈവഭക്തി പഠിപ്പിക്കാം;

12. ജീവനെ ആഗ്രഹിച്ച് നല്ല ദിവസങ്ങൾ കാണ്മാൻ കാംക്ഷിക്കുന്ന മനുഷ്യൻ ഏതാകുന്നു?

13. തിന്മയിൽ നിന്ന് നിൻറെ നാവിനെ കാത്തുകൊൾക; നിൻറെ അധരങ്ങൾ വഞ്ചന സംസാരിക്കരുത്;

14. ദോഷറെ വിട്ടുമാറി ഗുണം ചെയ്യുക; സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തുടരുക;

15. കർത്താവിൻറെ കണ്ണുകൾ പുണ്യവാന്മാരുടെമേൽ ഉണ്ട് അവരെ കേൾപ്പാൻ തൻറെ തൻറെ ചെവികൾ തുറന്നിരിക്കുന്നു.

16. ദുഷ്ടന്മാരുടെ ഓർമ്മ ഭൂമിയിൽനിന്നു മായിച്ചുകളയുവാൻ, കർത്താവിൻറെ തിരുമുഖം അവർക്ക് വിരോധമായിരിക്കുന്നു.

17. പുണ്യവാന്മാർ നിലവിളിച്ചു ; കർത്താവ് അവരെ കേട്ട് അവരെ രക്ഷിച്ചു;

18. കർത്താവ് ഹൃദയതകർച്ചയുള്ളവർക്ക് സമീപസ്ഥനാകുന്നു; ആത്മവിനയമുള്ളവരെ താൻ രക്ഷിക്കുകയും ചെയ്യുന്നു.

19. പുണ്യവാൻറെ അരിഷ്ടതകൾ വളരെയാകുന്നു; അവ എല്ലാറ്റിൽനിന്നും കർത്താവ് അവനെ രക്ഷിക്കും;

20. താൻ അവൻറെ സകല അസ്ഥികളേയും അവയിലൊന്നും തകർക്കപ്പെടാതിരിക്കത്തക്കവണ്ണം കാക്കുന്നു;

21. തിന്മ ദുഷ്ടന്മാരെ കൊല്ലുന്നു; നീതിമാനെ ദ്വേഷിക്കുന്നവർ നശിച്ചുപോകും.

22. കർത്താവ് തൻറെ ദാസന്മാരുടെ ആത്മാക്കളെ രക്ഷിക്കും; തന്നിൽ ആശ്രയിക്കുന്ന ഒരുവനും കുറ്റക്കാരനാകയില്ല.


അദ്ധ്യായം 35

1. കർത്താവേ! എൻറെ വ്യവഹാരം നടത്തി എന്നോട് പൊരുതുന്നവരോട് പൊരുതണമെ.

2. ആയുധവും പരിചയും പിടിച്ച് എൻറെ സഹായത്തിനായി നിൽക്കണമേ;

3. നീ വാല് ഊരി, എന്നെ പിന്തുടരുന്നവരുടെ നേരെ മിന്നിച്ച്, ഞാൻ നിന്റെ രക്ഷകനാകുന്നുവെന്നു  എൻറെ അത്മാവിനോടരുളിചെയ്യണമേ!

4. എന്റെ ജീവനെ അന്വേഷിക്കുന്നവർ ലജ്ജിച്ചു നാണിക്കും; എനിക്ക് വിരോധമായി തിന്മ വിചാരിച്ചവർ പിന്തിരിഞ്ഞ് നാണിക്കും;

5. അവർ കാറ്റിന്റെ മുമ്പിലെ പൊടിപോലെ ആയിത്തീരും; കതാവിന്റെ മാലാഖ അവരെ പിന്തുടരും.

6. അവരുടെ വഴി അന്ധകാരമാകും. അതിൽ വഴുവഴുപ്പും ഉണ്ടാകും; ദൈവത്തിൻറെ മാലാഖ അവരെ ഓടിക്കും;  

7. എന്തെന്നാൽ അവർ എനിക്കായി കെണികൾ മറച്ചുവച്ചു; എന്റെ ആത്മാവിന്നു വളയും വിരിച്ചു;

8. ദോഷം പെട്ടന്നു അവരുടെമേൽ വരും; അവർ വിരിച്ച വല അവരെ പിടിക്കും. അവർ കുഴിച്ച കുഴിയിൽ അവർ വീഴും.

9. എന്നാൽ എന്റെ ആത്മാവ് ദൈവത്തിൽ സന്തുഷ്ടനായി; തന്റെ രക്ഷയിൽ ആനന്ദിക്കും.

10. കർത്താവേ! നിന്നെപ്പോലെ ആരുള്ളൂ എന്ന് എന്റെ അസ്ഥികളെല്ലാം പറയും. എന്തെന്നാൽ നീ അനാഥനെ അവന്റെ ശത്രുവിൽനിന്നും ദരിദ്രനേയും അനാഥനെയും ബാലാല്കാരമായി ആക്രമിക്കുന്നവനിൽ നിന്നും രക്ഷിക്കും.

11. കള്ളസാക്ഷികൾ എനിക്കു വിരോധമായി എഴുന്നേറ്റു. ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിച്ചു.

12. അവർ മനുഷ്യരുടെ ഇടയിൽനിന്ന് എന്റെ പ്രാണനെ നശിപ്പിച്ചു; നന്മക്ക് തിന്മ എന്നോട് പകരം ചെയ്തു.

13. എന്നാൽ ഞാനോ അവരുടെ ക്ഷീണകാലത്ത് രട്ടുവസ്ത്രം ധരിച്ചു.  ഉപവാസംകൊണ്ട് എന്റെ പ്രാണനെ തപിപ്പിച്ചു; എന്റെ പ്രാർത്ഥന എന്റെ മാർവിലേക്ക് തിരിയുകയും ചെയ്തു.

14. സ്നേഹിതനെപ്പോലെയും സഹോദരനെപ്പോലെയും ഞാൻ പ്രവർത്തിച്ചു; പ്രലപിക്കുന്നവനെപ്പോലെ ഞാൻ അതി ദുഖിതനായി.

15. എന്റെ കഷ്ടതയിൽ അവർ ഒന്നിച്ചുകൂടി സന്തോഷിച്ചു; അവർ എന്നെക്കുറിച്ച് ദീർഘമായി സംഘം കൂടി.

16. അവർ നിഗളത്തോടും പരിഹാസത്തോടുംകൂടെ എന്റെ നേരെ പല്ലുകടിച്ചു.

17. എന്റെ കർത്താവേ! നീ മുൻകൂട്ടി കണ്ടുവല്ലോ; അവരുടെ കലഹത്തിൽനിന്ന് എന്റെ ആത്മാവിനേയും സിംഹങ്ങളിൽ നിന്നു എന്റെ പ്രാണനേയും വിടുവിക്കേണമേ.

18. ഞാൻ മഹാസഭയിൽ നിന്നെ സ്തോത്രം ചെയ്ത്, പല ജാതികളുടെ ഇടയിൽ നിനക്കു കീർത്തനംപാടും.

19. കണ്ണുകൾകൊണ്ട് ആങ്ങ്യം കാനിക്കുന്നവരായി കാരണമില്ലാതെ എന്നെ ദ്വേഷിക്കുന്ന ദുഷ്ടരായ എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കരുതേ!

20. അവർ സമാധാനം സംസാരിക്കുന്നില്ല; ഭൂമിയിലെ എളിയവനു വിരോധമായി വഞ്ചന വിചാരിക്കുന്നു.

21. അവർ എനിക്ക് വിരോധമായി വായ് തുറന്ന് ഏഹേ! ഏഹേ! ഞങ്ങളുടെ കണ്ണുകൾ അവനെ കണ്ടു എന്ന് പറഞ്ഞു.

22. ദൈവമേ! നീ എന്നെ കണ്ടുവല്ലോ; നീ മൌനമായിരിക്കരുതേ; എന്റെ കർത്താവേ! നീ എന്നെ വിട്ടകലുകയുമാരുതേ;

23. എന്റെ ദൈവവും എന്റെ കർത്താവുമേ!  എന്റെ വ്യവഹാരത്തിനായി നീ ഉണർന്നു എന്നോട് ചെയ്ത ആക്രമത്തെ നോക്കണമേ;

24. കർത്താവേ! അവരെനിക്കായി സന്തോഷിക്കാതിരിപ്പാൻ നിന്റെ നീതിക്കുതക്കവണ്ണം എനിക്കുവേണ്ടി ന്യായം നടത്തേണമേ!

25. ഞങ്ങൾ സന്തുഷ്ടരായി അവനെ മുക്കിക്കളഞ്ഞു എന്ന് അവരുടെ ഹൃദയത്തിൽ അവർ പറയരുതേ!

26. എന്നോട് ദോഷം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഒരുമിച്ച് നാണിച്ചു ലജ്ജിക്കും; നിനക്കു വിരോധമായി പ്രതാപം നടിക്കുന്നവർ അവമാനം ധരിക്കും.

27. എന്റെ ജയത്തിന്നാഗ്രഹിക്കുന്നവർ  സന്തോഷിക്കും; തന്റെ ദാസന്റെ സമാധാനത്തിന് തിരുമാനസ്സായ കർത്താവ് വലിയവനാകുന്നുവെന്ന് അവർ സദാനേരവും പറയും.

28. എന്റെ നാവ് നിന്റെ നീതിയേയും ദിവസം മുഴുവനും നിന്റെ സ്ടുതികളെയും വർണ്ണിക്കും.


അദ്ധ്യായം 36.


 1. 1.അധർമ്മിക്ക് സ്വന്ത ദൃഷ്ടിയിൽ ദൈവഭയമില്ലായ്കയാൽ അവന്റെ ഹൃദയത്തിൽ തിന്മ വിചാരിക്കുന്നു.

 2. 2.എന്തെന്നാൽ അവന്റെ പാപങ്ങളുപേക്ഷിച്ചു വേരുക്കുകയെന്നത് അവന്റെ ദൃഷ്ടിയിൽ അനിഷ്ടമാകുന്നു.

 3. 3.അവന്റെ വായിലെ വചനം നൊന്പരവും വഞ്ചനയുമാകുന്നു; നന്മ ചെയ്യുവാൻ അവനു മനസ്സില്ല;

 4. 4.അവർ തന്റെ കിടക്കയിന്മേൽ അകൃത്യം ചിന്തിക്കുന്നു; തിന്മ ചൈവാനായിട്ടു കൊള്ളരുതാത്ത വഴിയിൽ അവൻ നടക്കുന്നു.

 5. 5.കർത്താവേ! നിന്റെ കരുണ സ്വർഗ്ഗത്തിൽ ഇരിക്കുന്നു; നിന്റെ വിശ്വാസം ആകാശങ്ങളുടെ ആകാശങ്ങളോളം എത്തുന്നു.

 6. 6.ദൈവമേ! നിന്റെ നീതി പർവതങ്ങൾ പോലെയും നിന്റെ വിധികൾ അഗാധങ്ങൾ പൊലെയുമാകുന്നു; കർത്താവേ! നീ മനുഷ്യരേയും മൃഗങ്ങളേയും രക്ഷിക്കുന്നു.

 7. 7.ദൈവമേ! നിന്റെ കരുണ എത്ര അധികമാകുന്നു; മനുഷ്യർ നിന്റെ ചിറകുകളുടെ കീഴിൽ മറയ്ക്കപ്പെടും;

 8. 8.അവർ നിന്റെ ഭവനത്തിലെ പുഷ്ടികൊണ്ട് തൃപ്തരാകും. നിന്റെ ആനന്ദത്തോട്ടിൽ നിന്ന് നീ അവരെ കുടിപ്പിക്കും.

 9. 9.എന്തെന്നാൽ ജീവന്റെ ഉറവ നിന്നോടുകൂടെയുണ്ട് ഞങ്ങൾ പ്രകാശം കാണുന്നത് നിന്റെ പ്രകാശത്താൽ ആകുന്നു.

 10. 10.നിന്നോട് സമീപിചിരിക്കുന്നവർക്കു നിന്റെ കരുണയെയും ഹൃദയ പരമാർത്ഥികൾക്ക് നിന്റെ നീതിയേയും പാലിക്കേണമേ!

 11. 11.ബലമുള്ള കാൽ ഞങ്ങൾക്ക് വിരോധമായി വരുത്തരുതേ! ദുഷ്ടന്മാരുടെ കൈ ഞങ്ങളെ ഇളക്കുകയും അരുതെ!

 12. 12.എന്താന്നാൽ ദുഷ്പ്രവർത്തി ചെയ്യുന്നവർ എല്ലാം മറിഞ്ഞു വീണുപോകും; എഴുന്നേൽപ്പാൻ അവർക്ക് കഴികയില്ല.